ആലപ്പുഴ ജില്ലയിൽ ഈ മാസത്തെ റേഷൻ വിതരണം അവസാനിക്കാൻ 6 പ്രവൃത്തിദിനങ്ങൾ മാത്രം

മാസത്തിലെ ആദ്യ ദിവസങ്ങളിൽ പല റേഷൻ കടകളിലും ആവശ്യത്തിനു സ്റ്റോക്ക് ഇല്ലായിരുന്നു. കാർത്തികപ്പള്ളി താലൂക്കിൽ ആകെയുള്ള 254 റേഷൻ കടകളിൽ ഇതുവരെ 145 കടകൾക്കു മാത്രമേ ഓഗസ്റ്റ് മാസത്തേക്കുള്ള സ്റ്റോക്ക് എത്തിച്ചിട്ടുള്ളൂ.

New Update
rtyujhgrt678iuokuyt67

ആലപ്പുഴ;  ജില്ലയിൽ ഈ മാസത്തെ റേഷൻ വിതരണം അവസാനിക്കാൻ 6 പ്രവൃത്തിദിനങ്ങൾ മാത്രം.ഇതുവരെ റേഷൻ വിതരണം ചെയ്ത‌ത് 51.33% കാർഡ് ഉടമകൾക്കു മാത്രം.വാതിൽപടി വിതരണ കരാറുകാരുടെ സമരമാണു റേഷൻ വിതരണം വൈകിച്ചത്. ജില്ലയിലെ 6,22,028 റേഷൻ കാർഡ് ഉടമകളിൽ 3,19,327 പേരാണ് ഇന്നലെ വൈകിട്ടു വരെ റേഷൻ വാങ്ങിയത്. ഇതിൽ 98,722 പേരും പോർട്ടബിലിറ്റി സൗകര്യം ഉപയോഗിച്ചു. കാർത്തികപ്പള്ളി താലൂക്കിലാണ് ഏറ്റവും മോശം സ്ഥിതി. ഇവിടെ 37.50% കാർഡ് ഉടമകൾക്കു മാത്രമാണു റേഷൻ ലഭ്യമാക്കാനായത്. 

Advertisment

ബാക്കിയുള്ള റേഷൻ കടകൾക്ക് ഉടൻ സ്റ്റോക്ക് എത്തിക്കണമെന്നു സപ്ലൈകോയ്ക്കു പൊതുവിതരണ വകുപ്പ് നിർദേശം നൽകി. അതേസമയം വാതിൽപടി വിതരണ കരാറുകാർക്ക് മേയ് മാസം വരെയുള്ള പണം മാത്രമേ സർക്കാർ അനുവദിച്ചിട്ടുള്ളൂ. തുടർന്നുള്ള മാസങ്ങളിലെ പണം കിട്ടാതായതോടെ വാഹനങ്ങളുടെ ചെലവും ജീവനക്കാരുടെ കൂലിയും ഉൾപ്പെടെ കൊടുക്കുന്നതു പ്രതിസന്ധിയിലാണ്. പണം കിട്ടാതായതോടെയാണു വാതിൽപടി വിതരണക്കാർ സമരം ചെയ്തത്. കുടിശിക പൂർണമായും നൽകാത്തതിനാൽ അടുത്ത മാസവും സമരം തുടർന്നേക്കുമെന്നാണു സൂചന.

സെപ്റ്റംബറിൽ ഓണാഘോഷം ഉള്ളതിനാൽ ഈ മാസത്തെ റേഷൻ വിതരണം അടുത്ത മാസത്തേക്കു നീട്ടാൻ സാധ്യത കുറവാണ്. ഓരോ താലൂക്കിലും വ്യത്യസ്ത റേഷൻ പോളിസിയായതിനാൽ താലൂക്കു മാറി റേഷൻ വാങ്ങുന്നതിനും പരിമിതിയുണ്ട്. മാസത്തിലെ ആദ്യ ദിവസങ്ങളിൽ പല റേഷൻ കടകളിലും ആവശ്യത്തിനു സ്റ്റോക്ക് ഇല്ലായിരുന്നു. കാർത്തികപ്പള്ളി താലൂക്കിൽ ആകെയുള്ള 254 റേഷൻ കടകളിൽ ഇതുവരെ 145 കടകൾക്കു മാത്രമേ ഓഗസ്റ്റ് മാസത്തേക്കുള്ള സ്റ്റോക്ക് എത്തിച്ചിട്ടുള്ളൂ. വാതിൽപടി വിതരണ കരാറുകാരുടെ സമരം കാരണം ഏറെ വൈകിയാണു താലൂക്കിൽ വാതിൽപടി വിതരണം ആരംഭിച്ചത്.

Advertisment