/sathyam/media/media_files/iRBbLuZfHjFRcyuJbps7.jpeg)
ആലപ്പുഴ∙ ജില്ലയിൽ റേഷൻ ഭക്ഷ്യധാന്യ വിതരണം പ്രതിസന്ധിയിൽ.വാതിൽപടി വിതരണക്കരാറുകാരുടെ സമരം ഇനിയും ഒത്തുതീർപ്പാകാത്തതിനാൽ 20നു ശേഷം ജില്ലയിലെ പകുതിയോളം റേഷൻകടകളിൽ ഭക്ഷ്യധാന്യം ഉണ്ടായേക്കില്ല.കാർത്തികപ്പള്ളി താലൂക്കിലാണു സ്ഥിതി ഏറ്റവും ഗുരുതരം. ഇവിടെ 20 വരെ വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യമേ കടകളിലുള്ളൂ. മാസത്തിലെ അവസാന ദിവസങ്ങൾ കൂടിയാകുന്നതോടെ കൂടുതൽ ആളുകൾ റേഷൻ വാങ്ങാൻ കടകളിലെത്തുകയും ചെയ്യും.
വാതിൽപടി വിതരണക്കരാറുകാർ സമരം പിൻവലിച്ചാലും എല്ലാ കടകളിലും ഭക്ഷ്യധാന്യം എത്തിക്കാൻ 10 ദിവസത്തോളം ആവശ്യമായി വരും. അതുവരെ കടകളിലെത്തുന്ന റേഷൻകാർഡ് ഉടമകൾ നിരാശരാകേണ്ടി വരും. ചേർത്തല, മാവേലിക്കര താലൂക്കുകളിലും റേഷൻകടകളിൽ സ്റ്റോക്കു കുറവാണ്. അമ്പലപ്പുഴ താലൂക്കിൽ മാത്രമാണു സമരം വലിയ രീതിയിൽ ബാധിക്കാതെ റേഷൻ നീക്കം നടക്കുന്നത്.
വാതിൽപടി വിതരണക്കരാറുകാർ ഭക്ഷ്യധാന്യം എത്തിക്കാൻ തയാറാകുന്നില്ലെങ്കിൽ പകരം സംവിധാനം തയാറാക്കി റേഷൻകടകളിൽ സാധനമെത്തിക്കണമെന്നു ജില്ലാ സപ്ലൈ ഓഫിസർ സി.വി.മോഹനകുമാറും (ഡിഎസ്ഒ) താലൂക്ക് സപ്ലൈ ഓഫിസർമാരും സപ്ലൈകോയ്ക്കു കത്തു നൽകി. ഭക്ഷ്യ ഭദ്രത നിയമ പ്രകാരം മുടങ്ങാനാവാത്ത സേവനമാണു റേഷൻകടകളുടേത്.
ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിൽ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദത്തെ തുടർന്നു വാതിൽപടി കരാറുകാർ റേഷൻ സാധനങ്ങൾ എത്തിച്ചു തുടങ്ങി. രണ്ടു മാസത്തിലധികമായി വാതിൽപടി വിതരണം നടത്തിയതിന്റെ തുക സപ്ലൈകോ നൽകാത്തതിനെ തുടർന്നാണു കരാറുകാർ സമരം ആരംഭിച്ചത്. പണം ലഭിക്കാതായതോടെ കരാറുകാർ സാമ്പത്തിക പ്രതിസന്ധിയിലാണ്. പലരുടെയും ഓവർ ഡ്രാഫ്റ്റ് പരിധിയും കഴിഞ്ഞെന്നും പണം ലഭിച്ചെങ്കിൽ മാത്രമേ ലോറികൾക്കുള്ള വാടക ഉൾപ്പെടെ നൽകി റേഷൻ നീക്കം ആരംഭിക്കാനാകൂ എന്നും വാതിൽപടി വിതരണക്കാർ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us