ഡല്‍ഹി: അതിവേഗത്തില്‍ വായ്പ അനുവദിക്കുന്നത് യാഥാര്‍ഥ്യമാക്കാന്‍ ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക്. വായ്പ നിര്‍ണയം അടക്കം വിവിധ നടപടിക്രമങ്ങള്‍ക്ക് വേണ്ടി വരുന്ന സമയം ലഘൂകരിച്ച് ചെറുകിട, ഗ്രാമീണ ഇടപാടുകാര്‍ക്ക് വേഗത്തില്‍ വായ്പ അനുവദിക്കാന്‍ യുപിഐയ്ക്ക് സമാനമായി യൂണിഫൈഡ് ലെന്‍ഡിങ് ഇന്റര്‍ഫെയ്‌സ് (യുഎല്‍ഐ) എന്ന പേരില്‍ ഒരു പ്ലാറ്റ്‌ഫോമിന് തുടക്കമിടാനാണ് ആര്‍ബിഐയുടെ പദ്ധതി. നിലവില്‍ ഇത് പരീക്ഷണ ഘട്ടത്തിലാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
കാര്‍ഷിക, എംഎസ്എംഇ വായ്പക്കാര്‍ക്ക് യുഎല്‍ഐ വലിയ തോതിലുള്ള വായ്പാ ആവശ്യം നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യവ്യാപകമായി യുഎല്‍ഐ ലോഞ്ച് ഉടന്‍ നടക്കുമെന്നും ശക്തികാന്ത ദാസ് പ്രത്യാശ പ്രകടിപ്പിച്ചു.
യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) പേയ്മെന്റ് ഇക്കോസിസ്റ്റം മാറ്റിയതുപോലെ, യുഎല്‍ഐയും വായ്പ മേഖലയില്‍ വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. ബാങ്കിംഗ് സേവനങ്ങള്‍ പൂര്‍ണമായി ഡിജിറ്റലൈസേഷന്‍ ചെയ്യുക എന്ന ആര്‍ബിഐ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
'ഒന്നിലധികം ഡാറ്റ ദാതാക്കളില്‍ നിന്ന് ബാങ്കുകളിലേക്ക് ഭൂമിയുടെ രേഖകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ വിവരങ്ങളുടെ തടസ്സമില്ലാത്ത ഒഴുക്ക് സുഗമമാക്കുന്ന തരത്തിലാണ് യൂണിഫൈഡ് ലെന്‍ഡിംഗ് ഇന്റര്‍ഫേസ് പ്രവര്‍ത്തിക്കുക. ഇത് ക്രെഡിറ്റ് മൂല്യനിര്‍ണ്ണയത്തിനായി എടുക്കുന്ന സമയം വെട്ടിക്കുറയ്ക്കുന്നു. പ്രത്യേകിച്ച് ഗ്രാമീണ, ചെറുകിട വായ്പക്കാര്‍ക്ക്, വൈവിധ്യമാര്‍ന്ന സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളിലേക്ക് വേഗത്തില്‍ ആക്‌സസ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കടം വാങ്ങാന്‍ വരുന്ന ഒരാള്‍ക്ക് വായ്പ നല്‍കുന്നതിന് ബാങ്കുകള്‍ക്ക് ഈ വിവരങ്ങള്‍ ഏറെ നിര്‍ണായകമാണ്'- റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.
ബംഗളൂരുവില്‍ ഡിപിഐ ആന്‍ഡ് എമര്‍ജിങ് ടെക്നോളജീസ് എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ആഗോള സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശക്തികാന്ത ദാസ്.'പുതിയ പ്ലാറ്റ്ഫോം വായ്പ എടുക്കാന്‍ സാധ്യതയുള്ളവരുടെ സമ്മതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ ഡാറ്റ സ്വകാര്യത പൂര്‍ണ്ണമായും പരിരക്ഷിക്കുന്നു. സങ്കീര്‍ണതകള്‍ കുറയ്ക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. കടം വാങ്ങുന്നവര്‍ക്ക് തടസ്സങ്ങളില്ലാതെ വായ്പ ലഭ്യമാക്കാനും കൂടുതല്‍ ഡോക്യുമെന്റേഷന്‍ ഇല്ലാതെ വേഗത്തിലുള്ള വായ്പ സാധ്യമാക്കാനും ഇത് സഹായിക്കും'- ശക്തികാന്ത ദാസ് പറഞ്ഞു.