Advertisment

സ്തനാര്‍ബുദത്തെ അതിജീവിച്ച 58-കാരിയുടെ വയറ്റില്‍ മറ്റൊരു മുഴ; മുറിവുകളില്ലാതെ നീക്കം ചെയ്തു

തിരുവനന്തപുരം കിംസ്‌ഹെല്‍ത്തില്‍ നടത്തിയ നൂതന എന്‍ഡോസ്‌കോപ്പിക് സബ് മ്യൂക്കോസല്‍ ഡിസെക്ഷന്‍ (ഇഎസ്ഡി) പ്രൊസീജിയറിലൂടെയാണ് വയറിനുള്ളില്‍ നിന്ന് മുറിവുകളില്ലാതെ മുഴ നീക്കം ചെയ്തത്.

New Update
mm

തിരുവനന്തപുരം: മുന്‍പ് സ്ഥാനാര്‍ബുദത്താല്‍ ശസ്ത്രക്രിയയ്ക്കും കീമോതെറാപ്പിക്കും വിധേയായ കന്യാകുമാരി സ്വദേശിനിയുടെ വയറില്‍ കണ്ടെത്തിയ മറ്റൊരു മുഴ സുരക്ഷിതമായി നീക്കം ചെയ്തു. തിരുവനന്തപുരം കിംസ്‌ഹെല്‍ത്തില്‍ നടത്തിയ നൂതന എന്‍ഡോസ്‌കോപ്പിക് സബ് മ്യൂക്കോസല്‍ ഡിസെക്ഷന്‍ (ഇഎസ്ഡി) പ്രൊസീജിയറിലൂടെയാണ് വയറിനുള്ളില്‍ നിന്ന് മുറിവുകളില്ലാതെ മുഴ നീക്കം ചെയ്തത്. ഭാവിയില്‍ അര്‍ബുദമായി മാറാനുള്ള സാധ്യത കണക്കിലെടുത്താണ് രോഗിയെ അടിയന്തരമായി പ്രൊസീജിയറിന് വിധേയമാക്കിയത്.

Advertisment

 

സ്തനാര്‍ബുദ ചികിത്സയുടെ ഭാഗമായി നടത്തിയ പെറ്റ് സിടി സ്‌കാനില്‍ വയറിന്റെ ഭിത്തിയില്‍ ഏകദേശം 2 സെന്റീമീറ്റര്‍ നീളവും 1.5 സെന്റീമീറ്റര്‍ വീതിയുമുള്ള ഒരു മുഴ കണ്ടെത്തുകയായിരുന്നു. ആദ്യത്തെ ബയോപ്‌സി റിപ്പോര്‍ട്ടുകള്‍ അര്‍ബുദ സാധ്യത തള്ളിക്കളഞ്ഞെങ്കിലും, തുടര്‍ന്നുള്ള സ്‌കാനില്‍ ഈ മുഴ വലുതായിക്കൊണ്ടിരുന്നത് ശ്രദ്ധയില്‍പ്പെട്ടു. 

 

വയറിന്റെ ഉള്‍ഭാഗത്തെ ലൈനിംഗ് കോശമായ മ്യൂക്കോസയില്‍ നിന്ന് മുഴ വളരെ ശ്രദ്ധാപൂര്‍വ്വം വേര്‍തിരിച്ചെടുക്കുകയായിരുന്നുവെന്ന് പ്രൊസീജിയറിന് നേതൃത്വം നല്‍കിയ ഗാസ്ട്രോഎന്ററോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മധു ശശിധരന്‍ പറഞ്ഞു. 'ഹൈബ്രിഡ് നൈഫ് എന്ന അതിനൂതന ഉപകരണം ഉപയോഗിച്ച്, മുഴയെ ഭിത്തിയില്‍ നിന്ന് വേര്‍പെടുത്തി എന്‍ഡോസ്‌കോപ്പ് വഴി പൂര്‍ണമായും നീക്കം ചെയ്യുകയും രക്തസ്രാവം തടയാനായി പ്രോസീജര്‍ ചെയ്ത ഭാഗം വീണ്ടും പരിശോധിച്ചു ഉറപ്പ് വരുത്തുകയും ചെയ്തു. ഹൈബ്രിഡ് നൈഫ് ഉപയോഗിച്ച് മാര്‍ക്ക് ചെയ്യാനും, വേര്‍പ്പെടുത്താനും, രക്തം കട്ടപിടിപ്പിക്കാനും സാധിക്കുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മൂന്ന് ദിവസങ്ങളില്‍ രോഗിക്ക് വെള്ളമോ ഭക്ഷണമോ നല്‍കിയിരുന്നില്ല. പോസ്റ്റ്-ബേറിയം മീൽ പരിശോധനയില്‍ പ്രൊസീജിയര്‍ ചെയ്ത ഭാഗത്ത് നിന്ന് യാതൊരു ലീക്കേജും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ആഹാരം നല്‍കുവാന്‍ ആരംഭിച്ചത്. തൊട്ടടുത്ത ദിവസം തന്നെ രോഗി ആശുപത്രി വിടുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ എന്‍ഡോസ്‌കോപ്പിയില്‍ വേര്‍പെടുത്തിയ ഭാഗം ഭേദമാകുന്നതായും  കണ്ടെത്തി.

 

ഗാസ്ട്രോഎന്ററോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. അജിത്ത് കെ നായര്‍, ഡോ. ഹാരിഷ് കരീം, അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. അരുണ്‍ പി, അനസ്തേഷ്യാ വിഭാഗത്തിലെ ഡോ. ശര്‍മില എന്നിവരും പ്രൊസീജിയറിന്റെ ഭാഗമായിരുന്നു.

Advertisment