റാന്നി: ജണ്ടായിക്കൽ–വലിയകുളം റോഡിൽ പിഡബ്ല്യുഡിയുടെ ചീഫ് ടെക്നിക്കൽ എക്സാമിനർ വിഭാഗം പരിശോധന നടത്തി. റോഡ് വെട്ടിപ്പൊളിച്ച് സാംപിൾ ശേഖരിക്കാൻ തുടങ്ങിയപ്പോൾ നാട്ടുകാർ തടഞ്ഞു. പിന്നീട് പൊലീസെത്തി പ്രശ്നം പരിഹരിച്ചു. റോഡ് വെട്ടിപ്പൊളിക്കുന്നത് ജനങ്ങളുടെ യാത്രയെ ബാധിക്കുമെന്നായിരുന്നു അവരുടെ പരാതി.
അടുത്തിടെ ടാറിങ് നടത്തിയ റോഡാണിത്. ഇതു പൂർത്തിയാക്കി ദിവസങ്ങൾ പിന്നിടും മുൻപേ പല ഭാഗത്തും ടാറിങ് പൊളിഞ്ഞിരുന്നു. ഇരുചക്ര വാഹനങ്ങൾ സ്റ്റാൻഡിൽ വച്ചാൽ ടാറിങ് കുഴിഞ്ഞ് മറിഞ്ഞു വീഴുന്ന സ്ഥിതിയാണ്. 4 കോടി രൂപ ചെലവഴിച്ചു ടാറിങ് നടത്തിയ റോഡിലാണ് ഈ സ്ഥിതി നേരിട്ടത്. ഇതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
നാട്ടുകാരുടെ പരാതിയെ തുടർന്ന് പ്രമോദ് നാരായൺ എംഎൽഎയുടെ നിർദേശ പ്രകാരം ചീഫ് എൻജിനീയർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പിഡബ്ല്യുഡി അധികൃതരുടെ നിർദേശ പ്രകാരമാണ് ടെക്നിക്കൽ എക്സാമിനർ വിഭാഗം ഇന്നലെ റോഡിലെത്തി സാംപിൾ ശേഖരിച്ചത്.
ടാറിങ്ങിന് ഉപയോഗിച്ച മിശ്രിതത്തിൽ കുഴപ്പമുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. പ്രത്യേകിച്ച് മെറ്റലിൽ. 200 ലോഡ് മെറ്റലാണ് പണിക്കായി ഇറക്കിയത്. പൈപ്പുകൾ പൊട്ടിയോ മറ്റോ അടിത്തട്ടിൽ വെള്ളക്കെട്ടുണ്ടോയെന്നും പരിശോധിക്കും.