/sathyam/media/media_files/50S1lTYQN7TPRhPw41xC.jpeg)
തിരുവനന്തപുരം:കേരളത്തിലെ അപ്രതീക്ഷിത കടലാക്രമണത്തിന് കാരണം കള്ളക്കടല്‍ പ്രതിഭാസം. രണ്ട് ദിവസം കൂടി കള്ളക്കടല്‍ പ്രതിഭാസം തുടരുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കടലാക്രമണ സാധ്യതയുള്ളതിനാല്‍ തീര പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
അപ്രതീക്ഷിതമായുണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടല്‍. കാറ്റിന് അനുസരിച്ചോ സൂര്യന്റെയും ചന്ദ്രന്റെയും ഗുരുത്വാകര്‍ഷണ ഫലമായോ ഉണ്ടാകുന്ന പ്രതിഭാസമാണ് വേലിയേറ്റം. ഇതു രണ്ടുമല്ലാതെയുണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടല്‍. പ്രത്യേകിച്ച് യാതൊരു ലക്ഷണവുമില്ലാതെയാകും തിരമാലകള്‍ ആഞ്ഞടിക്കുക. സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളെ തുടര്‍ന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണു കള്ളക്കടല്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. സുനാമിയുമായി സമാനമാണ് ഇത്. കള്ളക്കടല്‍ രൂപപ്പെടുന്നതോടെ തീരം ഉള്ളിലോട്ടു വലിയും. പിന്നീടു വന്‍ തിരമാലകള്‍ തീരത്ത് അടിച്ചുകയറുകയാണ് ചെയ്യുക.
രണ്ട് ദിവസം കൂടി കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാല്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. തിരുവനന്തപുരത്ത് തീരപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ പറഞ്ഞു. കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും മുന്നറിയിപ്പ് തുടരും.
തെക്കന്‍ കേരളത്തിലെ ചില പ്രദേശങ്ങളിലുണ്ടായ കടല്‍ക്ഷോഭം കുറഞ്ഞു വരികയാണെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.