Advertisment

അന്താരാഷ്ട്രവിലയെക്കാൾ 40 രൂപ ഉയർന്ന് റബ്ബർ വില

പക്ഷേ ചരക്ക് വേണ്ടത്ര ഇല്ലാത്തതുകൊണ്ട് കൃഷിക്കാർക്ക് ഗുണം കിട്ടുന്നില്ല.പ്രമുഖ ഉത്പാദകരാജ്യങ്ങളായ തായ്‌ലാൻഡിലും ഇൻഡൊനീഷ്യയിലും മറ്റും ഇടവേളയ്ക്കുശേഷം വിളവെടുപ്പ് മെച്ചപ്പെട്ടതോടെയാണ് അന്താരാഷ്ട്രവില ഇടിഞ്ഞത്.

New Update
sertyuiuytry

കോട്ടയം: റബ്ബർ വിപണിയിൽ അസാധാരണ സാഹചര്യം. ഇന്ത്യൻവില ആർ.എസ്.എസ്. നാലിന് 201 മുതൽ 206 രൂപവരെയാണ്.മഴ കാരണം ടാപ്പിങ് നിർത്തിയതോടെയാണ് ചരക്കുക്ഷാമം ഉണ്ടായതും വില കൂടിയതും. ചൈന അമേരിക്കയിലേക്ക് ചരക്കുനീക്കം ഉൗർജിതമാക്കാൻ വൻതോതിൽ കണ്ടെയ്നറുകളും കപ്പലുകളും ബുക്കുചെയ്ത് കൊണ്ടുപോയതോടെ ഇന്ത്യൻ ടയർ കമ്പനികൾക്ക് അന്താരാഷ്ട്രവിപണിയിൽനിന്ന് ചരക്ക് കൊണ്ടുവരുന്നതിൽ തടസ്സമുണ്ടായി. ആഭ്യന്തരവിപണിയിൽ കിട്ടിയ ചരക്ക് അവർ എടുക്കുകയും ചെയ്തു. 

Advertisment

ബാങ്കോക്കിൽ വില 160 രൂപയും. 40 രൂപയിൽ അധികം ആഭ്യന്തരവില ഉയർന്നുനിൽക്കുന്നത് അപൂർവത്തിൽ അപൂർവമാണ്. പക്ഷേ ചരക്ക് വേണ്ടത്ര ഇല്ലാത്തതുകൊണ്ട് കൃഷിക്കാർക്ക് ഗുണം കിട്ടുന്നില്ല.പ്രമുഖ ഉത്പാദകരാജ്യങ്ങളായ തായ്‌ലാൻഡിലും ഇൻഡൊനീഷ്യയിലും മറ്റും ഇടവേളയ്ക്കുശേഷം വിളവെടുപ്പ് മെച്ചപ്പെട്ടതോടെയാണ് അന്താരാഷ്ട്രവില ഇടിഞ്ഞത്. അതിനു തൊട്ടുമുമ്പ് ആർ.എസ്.എസ്. നാലിന് 220 രൂപവരെ വന്നിരുന്നു. കമ്പനികൾ ആ സമയം തന്ത്രപരമായി വിപണിയിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു.

അന്താരാഷ്ട്രവില ഉയർന്നുനിന്നപ്പോൾ 160-170 എന്നനിലയിൽ നിന്നിരുന്ന ഇന്ത്യൻവിപണി പിന്നെ പിടിച്ചുകയറി. 200 രൂപയും പിന്നിട്ടു. അതേസമയം ഇപ്പോൾ അന്താരാഷ്ട്രവില താഴ്ന്നുനിൽക്കുന്നത് മുതലാക്കാൻ ടയർ കമ്പനികൾ ചരക്ക് ബുക്ക് ചെയ്യുന്നുണ്ട്. കപ്പൽ, കണ്ടെയ്നർ ക്ഷാമം തീരുന്നതോടെ ചരക്ക് എത്തുമെന്നും ആഭ്യന്തരവില കുറയുമെന്നും അവർ പ്രതീക്ഷിക്കുന്നു.

അതേസമയം ഒാട്ടോമൊബൈൽ വ്യവസായം വിപണി ഇടപെടൽ ശക്തമാക്കിയതോടെ റബ്ബറിന് ആവശ്യം കൂടുമെന്നും വിലയിൽ കാര്യമായ ഇടിവ് ഉണ്ടാകില്ലെന്നുമാണ് റബ്ബർബോർഡ് പ്രതീക്ഷിക്കുന്നത്. വിലയിലെ ഇപ്പോഴത്തെ മെച്ചം പരമാവധി പ്രയോജനപ്പെടുത്താൻ കൃഷിക്കാർ ടാപ്പിങ് നടത്തണമെന്ന് ഉത്പാദകസംഘം ജനറൽസെക്രട്ടറി ബാബു ജോസഫ് അഭിപ്രായപ്പെട്ടു.

Advertisment