സാംസങ് ഗ്യാലക്‌സി എ06 ഇന്ത്യയിലെത്തി. മുന്‍ഗാമിയായ ഗ്യാലക്‌സി എ05നോട് രൂപഘടനയില്‍ ഏറെ സാദൃശ്യം ഈ മോഡലിനുണ്ട്. മറ്റ് രാജ്യങ്ങളിലെത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് ഗ്യാലക്‌സി എ06യില്‍ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച ക്യാമറ, ബാറ്ററി കപ്പാസിറ്റി എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. ഒക്‌ടാ കോര്‍ മീഡിയടെക് ഹിലീയോ ജി85 ചിപ്‌സെറ്റിലാണ് സാംസങ് ഗ്യാലക്‌സി എ06യുടെ വരവ്.
6.7 ഇഞ്ച് എച്ച്‌ഡി+ ഡിസ്‌പ്ലെ വരുന്ന ഫോണിന് 50 മെഗാപിക്‌സലിന്‍റെ ഡുവല്‍ റീയര്‍ ക്യാമറ യൂണിറ്റാണ് വരുന്നത്. ആന്‍ഡ്രോയ്‌ഡ് 14 ആണ് പ്ലാറ്റ്ഫോം. 50 എംപിയുടെ പ്രധാന സെന്‍സറിനൊപ്പം 2 എംപിയുടെ ഡെപ്‌ത് സെന്‍സറും എല്‍ഇഡി ഫ്ലാഷും ഉള്‍പ്പെടുന്നു. എട്ട് മെഗാപിക്‌സലിന്‍റെതാണ് സെല്‍ഫി ക്യാമറ. ഉയര്‍ന്ന ബാറ്ററിയാണ് ഏറ്റവും പ്രധാന സവിശേഷത.
4ജിബി റാമും 64 ജിബി സ്റ്റോറേജും വരുന്ന അടിസ്ഥാന വേരിയന്‍റിന് 9,999 രൂപയാണ് വില. 5,000 എംഎഎച്ച് ബാറ്ററി വരുന്നതിനാല്‍ 25 വാട്ട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് ആണ് സാംസങ് ഗ്യാലക്‌സി എ05നുള്ളത്. 4 ജിബി+128 ജിബി വേരിയന്‍റിന് 11,499 രൂപയാകും. സാംസങ് ഇന്ത്യ വെബ്‌സൈറ്റ് വഴി ഫോണ്‍ വാങ്ങാം. കറുപ്പ്, സ്വര്‍ണം, ഇളംനീല എന്നീ നിറങ്ങളിലുള്ള മോഡലുകള്‍ ലഭ്യം.
മൈക്രോ എസ്‌ഡി കാര്‍ഡ് വഴി സ്റ്റോറേജ് 1 ടിബി വരെ വര്‍ധിപ്പിക്കാം. ഇരട്ട 4ജി, വൈഫൈ, ബ്ലൂടൂത്ത് 5.3, ജിപിഎസ്, 3.3 എംഎം ഓഡിയോ ജാക്ക്, ടൈപ്പ് സി യുഎസ്‌ബി എന്നിവയാണ് കണക്റ്റിവിറ്റി സൗകര്യങ്ങള്‍. സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സെന്‍സറും സാംസങ് ഗ്യാലക്‌സി എ06ല്‍ ഉള്‍പ്പെടുന്നു.