പുലിക്കുട്ടികളായി ആയിരക്കണക്കിന് സിവിൽ സർവീസുകാർ ഉണ്ടായിട്ടും സഞ്ജയ് കുമാർ മിശ്ര തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറാവണമെന്ന് കേന്ദ്രത്തിന് പിടിവാശി. ഇ.ഡിയിൽ കാര്യപ്രാപ്തിയുളള ഒരേ ഒരു ഉദ്യോഗസ്ഥനേയുള്ളോ എന്ന് ചോദ്യമുന്നയിച്ച് സുപ്രീംകോടതി. ഭീകരഫണ്ടിംഗും കള്ളപ്പണം വെളുപ്പിക്കലും ചൂണ്ടിക്കാട്ടി മിശ്രയുടെ കാലാവധി വീണ്ടും നീട്ടിയെടുത്ത് കേന്ദ്രം. സെപ്തംബർ 15ന് അർദ്ധരാത്രി ഇറങ്ങണമെന്ന് താക്കീത് നൽകി സുപ്രീംകോടതി

രാജ്യം മുഴുവൻ ചോദിക്കുന്ന ഈ ചോദ്യമാണ് സുപ്രീംകോടതിയും ചോദിച്ചത്. ഇ.ഡിയിൽ കാര്യപ്രാപ്തിയുളള ഒരേ ഒരു ഉദ്യോഗസ്ഥനേയുള്ളോ എന്ന് ചോദ്യമുന്നയിച്ച് കേന്ദ്രസർക്കാരിനെ മുൾമുനയിലാക്കി സുപ്രീംകോടതി.  

author-image
admin
New Update
india

ഡൽഹി: ഇന്ത്യൻ സിവിൽസർവീസിൽ പുലിക്കുട്ടികളായി ആയിരക്കണക്കിന് ഉദ്യോഗസ്ഥരുള്ളപ്പോൾ സഞ്ജയ് കുമാർ മിശ്ര തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറാവണമെന്ന് കേന്ദ്രം പിടിവാശി കാട്ടുന്നത് എന്തിനാണ്. രാജ്യം മുഴുവൻ ചോദിക്കുന്ന ഈ ചോദ്യമാണ് സുപ്രീംകോടതിയും ചോദിച്ചത്. ഇ.ഡിയിൽ കാര്യപ്രാപ്തിയുളള ഒരേ ഒരു ഉദ്യോഗസ്ഥനേയുള്ളോ എന്ന് ചോദ്യമുന്നയിച്ച് കേന്ദ്രസർക്കാരിനെ മുൾമുനയിലാക്കി സുപ്രീംകോടതി.  മിശ്രയുടെ സേവന കാലാവധി നീട്ടാൻ നേരത്തേ വിസമ്മതിച്ച സുപ്രീംകോടതി, ഭീകര ഫണ്ടിംഗും കളളപ്പണം വെളുപ്പിക്കലും നിരീക്ഷിക്കുന്ന അന്താരാഷ്‌ട്ര ഏജൻസിയായ എഫ്.എ.ടി.എഫിന്റെ ഇന്ത്യയിലെ അവലോകനം നവംബറിൽ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ മിശ്രയുടെ സർവീസ് നീട്ടണമെന്ന കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് സർവീസ് സെപ്തംബർ 15വരെ നീട്ടിക്കൊടുത്തു. അടുത്ത തിങ്കളാഴ്ച്ച സർവ്വീസിൽ നിന്ന് പുറത്തുപോകേണ്ടിയിരുന്ന മിശ്രയ്ക്കും അദ്ദേഹത്തിന് നിർലോഭമായ പിന്തുണ നൽകുന്ന കേന്ദ്രസർക്കാരിനും ഇത് ആശ്വാസമായി.
 

Advertisment

മിശ്രയുടെ കാലാവധി നീട്ടണമെന്ന കേന്ദ്രസർക്കാർ അപേക്ഷയിൽ അടിയന്തരവാദം കേട്ടാണ് സുപ്രീംകോടതി സെപ്തംബർ 15 വരെ കാലാവധി നീട്ടി നൽകിയത്.  വിശാലമായ പൊതുതാത്പര്യം മുൻനിർത്തിയാണ് കാലാവധി നീട്ടുന്നതെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ്, വിക്രംനാഥ്, സഞ്ജയ് കരോൽ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതിയുടെ ഉത്തരവ് മറികടന്ന് രണ്ടു തവണയായി സഞ്ജയ് കുമാർ മിശ്രയ്ക്ക് ഓരോ വർഷം നീട്ടി നൽകിയ കേന്ദ്രത്തിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ജൂലൈ 11ന് കോടതി കണ്ടെത്തിയിരുന്നു. മിശ്ര ജൂലൈ 31ന് ഇറങ്ങിപോകണമെന്ന് ഉത്തരവിട്ട അതേ ബെഞ്ചിൽ നിന്നാണ് സെപ്തംബർ വരെ കാലാവധി നീട്ടിയുള്ള അസാധാരണ ഉത്തരവുണ്ടായത്. ഒക്ടോബർ 15 വരെ കാലാവധി നീട്ടണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. സെപ്തംബർ 15ന് അർദ്ധരാത്രിയിൽ ഇറങ്ങണം. ഒരു കാരണവശാലും ഇനി കാലാവധി നീട്ടിനൽകില്ലെന്നും വ്യക്തമാക്കി.  
 
ഇ.ഡിയിൽ കാര്യപ്രാപ്തിയുളള ഒരേ ഒരു ഉദ്യോഗസ്ഥൻ മാത്രമേയുള്ളൂ എന്ന സന്ദേശമല്ലേ കേന്ദ്രസർക്കാർ നൽകുന്നതെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് ചോദിച്ചു. ഇത്തരം നിലപാടുകൾ ഇ.ഡിയുടെ മനോവീര്യം തകർക്കുന്നതല്ലേയെന്നും ആരാഞ്ഞു. മുൻപ് പൊതുതാത്പര്യഹർജിയിൽ വാദം കേട്ടപ്പോഴും കോടതി സമാന ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഭീകര ഫണ്ടിംഗും കളളപ്പണം വെളുപ്പിക്കലും നിരീക്ഷിക്കുന്ന അന്താരാഷ്‌ട്ര ഏജൻസിയാണ് എഫ്.എ.ടി.എഫ് (ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്സ്). നവംബർ മൂന്നിന് എഫ്.എ.ടി.എഫ് സംഘം ഇന്ത്യ സന്ദർശിക്കാനിരിക്കുകയാണ്. ഏജൻസിയുമായി ആശയവിനിമയം നടത്തേണ്ട സാഹചര്യമുണ്ട്. അതിനാൽ ഇ.ഡി ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടിനൽകണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. എല്ലാ വർഷവും നടക്കുന്ന അവലോകന യോഗമല്ല ഇത്. ഉദ്യോഗസ്ഥൻ തുടരുന്നത് അവലോകന പ്രക്രിയയ്ക്ക് സഹായമാകും. എഫ്.എ.ടി.എഫ് നൽകുന്ന ഗ്രേഡിംഗ്, ക്രെഡിറ്റ് റേറ്രിംഗിൽ രാജ്യത്തിന്റെ യോഗ്യത തീരുമാനിക്കുന്നതാണ്. ലോക ബാങ്കിന്റെ ധനസഹായത്തിന് അടക്കം യോഗ്യത നേടാൻ ഈ പ്രക്രിയ നിർണായകമാണ്- കേന്ദ്രം വാദിച്ചു.  ഇന്നത്തെ ലോകത്ത് ആരും അനിവാര്യരല്ലെന്ന് ബോദ്ധ്യമുണ്ട്. പക്ഷെ പ്രത്യേക സാഹചര്യം കൊണ്ടാണ് കോടതിക്ക് മുന്നിൽ നിൽക്കുന്നതെന്ന് സോളിസിറ്റർ ജനറൽ വാദിച്ചു.


 രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന വിഷയമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയെ അറിയിച്ചു. കൃത്യമായ അവലോകനമുണ്ടായില്ലെങ്കിൽ രാജ്യത്തിന്റെ പ്രശസ്തിക്ക് കോട്ടം തട്ടും. ബാങ്കുകളിൽ നിന്ന് ധനസഹായം കിട്ടുന്നതിനെ പ്രതികൂലമായി ബാധിക്കും. രാജ്യത്ത് കളളപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഏജൻസി ഇ.ഡിയാണ്. ഭീകര ഫണ്ടിംഗുമായി ബന്ധപ്പെട്ട അന്താരാഷ്‌ട്ര ഏജൻസിയാണ് ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്സ്. ഇതിനു മറുപടിയായി ഭീകര ഫണ്ടിംഗ് ഇ.ഡിയുടെ പരിധിയിലുളള വിഷയമാണോയെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് ചോദിച്ചു. ഹവാല ഇടപാടുകൾ ഇ.ഡിയുടെ പരിധിയിൽ വരുമെന്നും, പാക്കിസ്ഥാൻ നേരത്തേ കരിമ്പട്ടികയിൽ ഉൾപ്പെട്ടിരുന്നുവെന്നും സോളിസിറ്റർ ജനറൽ മറുപടി നൽകി.

sanjay kumar mishra irs director enforcement
Advertisment