ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഒന്നാം വർഷ സാമൂഹ്യപ്രവർത്തന വിഭാഗം വിദ്യാർത്ഥികളുടെ ദശദിന സഹവാസ ക്യാമ്പ് ചെർപ്പുളശേരിയിലുളള തെക്കുമുറി ബി വി എൽ പി സ്കൂളിൽ ആരംഭിച്ചു. നഗരസഭ ചെയർമാൻ പി. രാമചന്ദ്രൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ചെർപ്പുളശേരി നഗരസഭയിലെ മാലിന്യമുക്തം - നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളാണ് ദശദിന ക്യാമ്പിലൂടെ വിദ്യാർത്ഥികൾ നടത്തുക. ഹരിതകർമ്മസേന പ്രവർത്തകരോടൊപ്പമുളള ഗൃഹസന്ദർശനം, തെരുവ് നാടകം, ഫ്ലാഷ്മോബകൾ, ശാസ്ത്രീയമായ മാലിന്യസംസ്കരണം സംബന്ധിയായ സാമൂഹ്യ അവബോധ ക്ലാസ്സുകൾ എന്നിവയാണ് ദശദിന ക്യാമ്പിന്റെ പ്രധാന പ്രവർത്തനങ്ങളെന്ന് സാമൂഹ്യ പ്രവർത്തന വിഭാഗം മേധാവി പ്രൊഫ. ജോസ് ആന്റണി പറഞ്ഞു.