ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ അക്ഷയ് കുമാർ നായകനാവുന്ന പുതിയ ചിത്രത്തിന് പേരിട്ടു. സർഫിറാ എന്നാണ് സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. സുധ തന്നെ സംവിധാനംചെയ്ത സൂററൈ പോട്ര് എന്ന സിനിമയുടെ റീമേക്കാണ് സർഫിറാ.
സിനിമയുടെ പേര് പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോയും അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. അക്ഷയ് കുമാറിന്റെ കഥാപാത്രത്തെ കാണിക്കുന്ന രംഗങ്ങളും വീഡിയോയിലുണ്ട്. പരേഷ് റാവൽ, രാധികാ മദൻ, സീമാ ബിശ്വാസ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. സൂര്യ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. സംവിധായികയും ശാലിനി ഉഷാദേവിയും ചേർന്നാണ് തിരക്കഥ.
പൂജാ തൊലാനി സംഭാഷണവും ജി.വി. പ്രകാശ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. അരുണ ഭാട്ടിയ, സൂര്യ, ജ്യോതിക, വിക്രം മൽഹോത്ര എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഈ വർഷം ജൂലൈ 12-ന് സർഫിറാ തിയേറ്ററുകളിലെത്തും.എയർ ഡെക്കാൺ എന്ന ആഭ്യന്തര വിമാന സർവീസസിന്റെ സ്ഥാപകൻ ജി.ആർ. ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയുള്ള സിനിമയായിരുന്നു 'സൂരറൈ പോട്ര്'. ചിത്രത്തിലെ അഭിനയത്തിന് സൂര്യക്കും നായിക അപർണാ ബാലമുരളിക്കും ആ വർഷത്തെ മികച്ച നടനും നടിക്കുമുള്ള ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. മികച്ച ഫീച്ചർ സിനിമയ്ക്കുള്ള പുരസ്‌കാരവും സൂററൈ പോട്രിനായിരുന്നു. ജി.വി പ്രകാശ് മികച്ച പശ്ചാത്തല സംഗീതത്തിനും സുധ കൊങ്കരയും ശാലിനി ഉഷ നായരും മികച്ച തിരക്കഥാകൃത്തുക്കൾക്കുള്ള പുരസ്‌കാരവും ചിത്രം സ്വന്തമാക്കി.