/sathyam/media/media_files/NXVJWgCGRYaamdugaEVC.jpeg)
സര്‍വീസ് ആരംഭിച്ചിട്ട് 13-ന് ഒരുവര്‍ഷം തികയുമ്പോള്‍ സഞ്ചാരികളുടെ ഹരമായി ജലഗതാഗതവകുപ്പിന്റെ സീ അഷ്ടമുടി ബോട്ട് സര്‍വീസ്. 19,560 സഞ്ചാരികള്‍ കായല്‍സൗന്ദര്യം ആസ്വദിച്ചു മടങ്ങിയപ്പോള്‍ 82,57,925 രൂപയാണ് വരുമാനം. അപൂര്‍വമായിമാത്രമാണ് വിരലിലെണ്ണാവുന്ന സീറ്റുകള്‍ ഒഴിഞ്ഞുകിടന്നതെന്ന് ജലഗതാഗതവകുപ്പ് കൊല്ലം സ്റ്റേഷന്‍ മാസ്റ്റര്‍ വി.എ.സലിം പറഞ്ഞു.
ദിവസവും പകല്‍ 11.30-ന് കൊല്ലം ബോട്ട് ജെട്ടിയില്‍നിന്നു പുറപ്പെടുന്ന സര്‍വീസ് അഷ്ടമുടി വീരഭദ്രസ്വാമിക്ഷേത്ര ബോട്ട് ജെട്ടി വഴി കോയിവിളയിലെത്തും. അവിടെനിന്ന് കല്ലടയാറ്റിലൂടെ കണ്ണങ്കാട്ടുകടവ് (മണ്‍റോത്തുരുത്ത്), പെരുങ്ങാലം ധ്യാനതീരം, ഡച്ചുപള്ളി, പെരുമണ്‍ പാലം, കാക്കത്തുരുത്തുവഴി പ്രാക്കുളം സാമ്പ്രാണിക്കോടിയിലെത്തും. സഞ്ചാരികള്‍ക്ക് സാമ്പ്രാണിത്തുരുത്തില്‍ ഇറങ്ങി കായല്‍കാഴ്ചകള്‍ കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് വൈകീട്ട് 4.30-ഓടെ കൊല്ലത്ത് തിരിച്ചെത്തും.
അഞ്ചു മണിക്കൂര്‍ കായല്‍യാത്രയ്ക്ക് ഒരാള്‍ക്ക് താഴത്തെ നിലയില്‍ 400 രൂപയും മുകളിലത്തെ നിലയില്‍ 500 രൂപയുമാണ് നിരക്ക്. കുറഞ്ഞ നിരക്കില്‍ കുടുംബശ്രീ ഒരുക്കുന്ന ഭക്ഷണവും ബോട്ടില്‍നിന്നു ലഭിക്കും. കുട്ടികള്‍ക്ക് നിരക്കില്‍ കുറവുണ്ട്. സീ അഷ്ടമുടി ബോട്ട് യാത്രയ്ക്ക് 94000 50390 എന്ന നമ്പരില്‍ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാനുള്ള അവസരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഒരു സോളാര്‍ ബോട്ട് സര്‍വീസിനുകൂടി അനുമതിയായിട്ടുണ്ട്. മധ്യവേനല്‍ അവധിക്കാലത്തേക്കുള്ള ബുക്കിങ്ങുകള്‍ നടന്നുവരുന്നു. 1.9 കോടിയോളം ചെലവാക്കി ആധുനിക സൗകര്യങ്ങളോടെയാണ് ബോട്ടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്. താഴത്തെ നിലയില്‍ അറുപതും മുകളില്‍ മുപ്പതും ഇരിപ്പിടങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
മുകള്‍നിലയില്‍നിന്ന് കായല്‍സൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യവും രണ്ടു നിലകളിലും പ്രകൃതിസൗഹൃദ ശൗചാലയങ്ങളുമുണ്ട്. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളില്‍നിന്നും സ്‌കൂള്‍ വിദ്യാര്‍ഥികളാണ് കായല്‍യാത്രയ്ക്ക് അധ്യാപകരോടൊപ്പം കൊല്ലത്ത് എത്തുന്നത്. സീ അഷ്ടമുടി സര്‍വീസ് ആരംഭിച്ചതോടെ കായലും കടലും സംഗമിക്കുന്ന ഭാഗവും കല്ലടയാര്‍ അഷ്ടമുടിക്കായലില്‍ ചേരുന്ന സ്ഥാനങ്ങളും കുറഞ്ഞ ചെലവില്‍ കാണാനുള്ള അവസരമാണ് ഒരുങ്ങിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us