കരളിനുണ്ടാകുന്ന ഏത് പ്രശ്‌നങ്ങളും ഭാവിയില്‍ ജീവന് പോലും ഭീഷണിയാകാം. ലിവർ സിറോസിസ്, ഫാറ്റി ലിവര്‍, ലിവര്‍ ക്യാന്‍സര്‍ അടക്കം കരള്‍ രോഗങ്ങള്‍ പലവിധമാണ്. എന്നാല്‍ തുടക്കത്തിലെ ശരീരം കാണിക്കുന്ന സൂചനകള്‍ മനസിലാക്കി ചികിത്സ തേടിയാല്‍, അപകടം ഒഴിവാക്കാനാകും.
ചര്‍മ്മം, കണ്ണിലെ വെള്ളഭാഗം എന്നിവയൊക്കെ മഞ്ഞനിറമാകുന്നത് കരളിന്‍റെ ആരോഗ്യം മോശമാകുന്നതിന്‍റെ പ്രധാന ലക്ഷണമാണ്. അധികം ബിലിറൂബിന്‍ ഉല്‍പാദിപ്പിക്കപ്പെടുമ്പോഴാണ് ഇത്തരത്തില്‍ മഞ്ഞനിറം വരുന്നത്. വയറില്‍ നീര് പോലെ തോന്നുക, വയര്‍ വീര്‍ത്തിരിക്കുക, വയറുവേദന, കാലിലും മുഖത്തും നീര് തുടങ്ങിയവ കരള്‍ രോഗത്തിന്‍റെ സൂചനയാകാം. ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന തടിപ്പും, നീര്‍ക്കെട്ടും കരള്‍രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. വയര്‍, കാല്‍ എന്നിവിടങ്ങളില്‍ വെള്ളംകെട്ടി നില്‍ക്കുന്നതുകൊണ്ടാണ് നീര്‍ക്കെട്ട് ഉണ്ടാകുന്നത്. ശരീരത്ത് ഉടനീളം ചൊറിച്ചില്‍ അനുഭവപ്പെടുന്നതും കരള്‍ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തില്‍ എവിടെയെങ്കിലും ചെറിയ മുറിവ് ഉണ്ടാകുമ്പോള്‍ നിലയ്‌ക്കാതെ രക്തം വരുന്നത് ചിലപ്പോള്‍ കരള്‍രോഗം മൂലമാകാം. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ചില പ്രോട്ടീനുകള്‍ കരള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഈ പ്രക്രിയ തടസപ്പെടുന്നത് കരള്‍രോഗത്തിന്‍റെ ലക്ഷണമാകാം.
മൂത്രം ചുവപ്പ് നിറം, മറ്റ് കടുംനിറം എന്നിവയാകുന്നെങ്കിലും മലത്തില്‍ നിറമാറ്റങ്ങള്‍ ഉണ്ടെങ്കിലും നിസാരമായി കാണരുത്. ഛര്‍ദ്ദി, വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക തുടങ്ങിയവയും കരള്‍ രോഗത്തിന്‍റെ ലക്ഷണങ്ങളാകാം. അമിത ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണം ആണെങ്കിലും കരളിന്‍റെ ആരോഗ്യം മോശമാകുമ്പോള്‍ അമിത ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം.