/sathyam/media/media_files/0zIS1jpsGBQfo0B9NuCB.jpg)
കോഴിക്കോട്: ലോക് സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പ്രതികാരമെന്നോണം ഉത്തരേന്ത്യയിൽ കൂടിക്കുടി വരുന്ന മുസ്‍ലിംകൾക്കെതിരായ അതിക്രമങ്ങൾ കണ്ടിട്ടും മൗനം ദീക്ഷിക്കുന്ന ഇന്ത്യ മുന്നണി നേതാക്കളുടെ നിലപാട് അത്യന്തം ദൗർഭാഗ്യകരവും അപലപനീയവുമാണെന്ന് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി.
തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പ്രധാന മന്ത്രി നരേന്ദ്രമോദിയും മറ്റു ഹിന്ദുത്വ നേതാക്കളും വിതച്ച വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും മ്ലേച്ഛരീതിയാണ് സംഘ്പരിവാറിനെ അക്രമ പരമ്പരയിലേക്ക് തുറന്നുവിട്ടിരിക്കുന്നത്. ബി.ജെ.പിക്ക് സീറ്റ് നഷ്ടപ്പെടാനും മതേതര സഖ്യത്തിന് മുന്നേറ്റം നടത്താനും വഴിയൊരുക്കിയത് മുസ്‍ലിം വോട്ടുകളുടെ ഏകോപനമാണെന്ന് മനസ്സിലാക്കിയാണ് ഫാഷിസ്റ്റ് ശക്തികൾ ഈ വിഭാഗത്തിനെതിരെ കാപാലികത പുറത്തെടുക്കുന്നത്.
വാഹനത്തിൽ കാളകളെ കയറ്റികൊണ്ടുപോയതിനാണ് റായ്പൂരിൽ മൂന്നുയുവാക്കളെ ഗോരക്ഷകരുടെ വേഷമണിഞ്ഞ സംഘ്പരിവാർ ഗുണ്ടകൾ അടിച്ചുകൊന്നത്. ഇതിനു തൊട്ടുപിറകെയാണ് മധ്യപ്രദേശിലെ മണ്ഡാലയിൽ മാട്ടിറച്ചി ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കയാണെന്ന് പറഞ്ഞ് 11 മുസ്‍ലിംകളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. ലഖ്നോവിലെ അക്ബർ നഗറിൽ നദീതീരത്ത് നിർമാണം നടത്തി എന്നാരോപിച്ചാണ് ആയിരത്തോളം മുസ്‍ലിം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് നിലംപരിശാക്കിയത്.
ബക്രീദിനോടനുബന്ധിച്ച് ബലി അറുത്തതിന്റെ പേരിൽ ഗുജറാത്തിലും യു.പിയിലുമൊക്കെ കൊടിയ അതിക്രമങ്ങൾ നടമാടിയിട്ടുണ്ട്. ഇത്തരം സംഭവങ്ങളുടെ ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തുവന്നിട്ടും മുസ്‍ലിംകളുടെ വോട്ട് വാങ്ങി ജയിച്ചുകയറിയ രാഹുൽ ഗാന്ധി അടക്കമുള്ള ഇന്ത്യ സഖ്യം നേതാക്കൾ പാർലമെന്റിനകത്തും പുറത്തും തുടരുന്ന മൗനം ഇക്കൂട്ടരുടെ കപട ന്യൂനപക്ഷ സ്നേഹമാണ് തുറന്നുകാട്ടുന്നത്. ഈ വിഷയത്തിൽ സി.പി.എം കേന്ദ്ര കമ്മിററി മാത്രമാണ് ഇതുവരെയായി ഇടപെട്ടതെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിലും ജന.സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us