/sathyam/media/media_files/8NtMtPGx14mMeTIUI1n4.webp)
അധികവും ഉറക്കം ശരിയാകാത്തതാണ് മിക്കവര്‍ക്കുമുള്ളൊരു പ്രശ്നം. ഉറക്കം അങ്ങനെ ബാക്കി നില്‍ക്കുന്ന അവസ്ഥയില്‍ ജോലിക്ക് പോവുകയോ ക്ലാസിന് പോവുകയോ എല്ലാം ചെയ്യും. എന്നിട്ട് അവധി ദിവസങ്ങളില്‍ ഈ ഉറക്കത്തിന്‍റെ കടമെല്ലാം ഒന്നിച്ചുവീട്ടും. അതായത് മണിക്കൂറുകളോളം അധികം ഉറങ്ങും.
എന്നാല്‍ ഈ ശീലം അത്ര നല്ലതല്ല എന്നാണ് ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നത്. ആഴ്ചയില്‍ അഞ്ചോ ആറോ ദിവസങ്ങള്‍ ഉറക്കം പര്യാപ്തമാകാതെ പോകുന്നതും പ്രശ്നമാണ്, അതിനൊപ്പം തന്നെ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം അമിതമായി ഉറങ്ങുക കൂടിയാകുമ്പോള്‍ ശരീരത്തിന്‍റെ താളം മുഴുവൻ തെറ്റും- ഇത് ദഹനമടക്കമുള്ള പല ആന്തരീക പ്രവര്‍ത്തനങ്ങളെയും ദോഷമായി ബാധിക്കും എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
ഒന്നാമതായി ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം അധികമായി ഉറങ്ങി എന്നതിനാല്‍ ബാക്കി ദിവസത്തെ നഷ്ടമായ ഉറക്കത്തിന് പകരമാവില്ല. ഇതിന് പുറമെ നമ്മുടെ ഉറക്കത്തെ നിയന്ത്രിക്കുന്ന മെലട്ടോണിൻ എന്ന ഹോര്‍മോണിന്‍റെ ബാലൻസ് പ്രശ്നത്തിലാകുന്നു. ഇത് തുടര്‍ദിവസങ്ങളിലെ ഉറക്കത്തെയും നമ്മുടെ ഉന്മേഷത്തെയുമെല്ലാം പ്രതികൂലമായി ബാധിക്കാം.
മാത്രമല്ല ശരീരഭാരം കൂടാനും, പ്രമേഹത്തിനുമെല്ലാം ഈ ശീലം കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തിലെല്ലാം ആരോഗ്യത്തെ ബാധിക്കുമെന്നതിനാല്‍ തന്നെ ദിവസവും രാത്രിയില്‍ 6-7, കഴിയുമെങ്കില്‍ എട്ട് മണിക്കൂര്‍ ഉറക്കം തന്നെ ഉറപ്പിക്കാൻ ശ്രമിക്കുക. ആഴ്ചാവസാനത്തിലും ഈ പതിവില്‍ മാറ്റം വരുത്തേണ്ടതില്ല