Advertisment

ദക്ഷിണേഷ്യയിലെ മൈസ്-വെഡ്ഡിംഗ് ഡെസ്റ്റിനേഷനാവാന്‍ കേരളം- പി എ മുഹമ്മദ് റിയാസ്

ടൂറിസം മേഖലയിലെ പുതിയ സംരംഭങ്ങള്‍ക്കായി ടൂറിസം ഇന്‍കുബേഷന്‍ ആന്‍ഡ് ഇനോവേഷന്‍ സെന്‍റര്‍ തുടങ്ങും. നിക്ഷേപകര്‍, ടൂറിസം വ്യവസായികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, എന്നിവരുടെ സേവനം ഇന്‍കുബേഷന്‍ കേന്ദ്രത്തിലുണ്ടാകും.

New Update
rtyuiooiuytrerty
കൊച്ചി: ദക്ഷിണേഷ്യയിലെ എംഐസിഇ(മീറ്റിംഗ്സ്, ഇന്‍സന്‍റീവ്സ്, കോണ്‍ഫറന്‍സ്, എക്സിബിഷന്‍സ്- മൈസ്) വെഡിംഗ് ഡെസ്റ്റിനേഷന്‍ കേന്ദ്രമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ പന്ത്രണ്ടാമത് ലക്കത്തിന്‍റെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.

രണ്ട് ടൂറിസം മേഖലകളിലും അന്താരാഷ്ട്ര ഹബ്ബാകാനുള്ള എല്ലാ വിഭവശേഷിയും കേരളത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയിലെ പുതിയ സംരംഭങ്ങള്‍ക്കായി ടൂറിസം ഇന്‍കുബേഷന്‍ ആന്‍ഡ് ഇനോവേഷന്‍ സെന്‍റര്‍ തുടങ്ങും. നിക്ഷേപകര്‍, ടൂറിസം വ്യവസായികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, എന്നിവരുടെ സേവനം ഇന്‍കുബേഷന്‍ കേന്ദ്രത്തിലുണ്ടാകും. സംരംഭക അഭിരുചിയുള്ള യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഇതിന്‍റെ സാധ്യത പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

580 കി.മിയിലായി നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, ഇന്ത്യയില്‍ ഏറ്റവുമധികം പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തുടങ്ങിയവയുള്ള സ്ഥലമാണ് കേരളം. ദേശീയപാത, തീരദേശ-മലയോര ഹൈവേ എന്നിവ സജ്ജമാകുന്നതോടെ ഇന്ത്യയില്‍ ഏറ്റവും ചടുലമായ ഗതാഗതസൗകര്യമുള്ള സംസ്ഥാനമായി കേരളം മാറും. കുറച്ചു മണിക്കൂറുകള്‍ കൊണ്ട് കടല്‍ത്തീരം, കായലോരം, ഹില്‍സ്റ്റേഷന്‍ എന്നിവ കണ്ട് തീര്‍ക്കാവുന്ന ഏറ്റവും സമഗ്രമായ ഡെസ്റ്റിനേഷനാണ് സംസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖം, വാട്ടര്‍ മെട്രോ, എന്നിവയ്ക്കൊപ്പം ലോകോത്തര ഹോട്ടലുകള്‍, കണ്‍വെന്‍ഷന്‍ സെന്‍ററുകള്‍ എന്നിവയിലൂടെ മൈസ് ടൂറിസത്തിന് ഏറ്റവും പറ്റിയ സാഹചര്യമാണ് ഇവിടെയുള്ളത്. ജി 20 ഉച്ചകോടിയുടെ അനുബന്ധ യോഗങ്ങള്‍ നടത്തിയ പരിചയം സംസ്ഥാനത്തിന് മുതല്‍ക്കൂട്ടാകും. ആയുര്‍വേദ-വെല്‍നെസ് ടൂറിസം, ക്രൂസ്, കാരവാന്‍ ഹെലി ടൂറിസം, ഗ്രാമാന്തരീക്ഷ അനുഭവങ്ങള്‍ എന്നിവയെല്ലാം നേട്ടങ്ങളാണ്.

യുഎന്‍ ഡബ്ല്യൂടിഒയുടെ കണക്കു പ്രകാരം കൊവിഡിനു മുമ്പുള്ള സ്ഥിതിയിലേക്ക് കരകയറിയതില്‍ കേരളം 87.83 ശതമാനം കൈവരിച്ചുവെന്നും ടൂറിസം മന്ത്രി പറഞ്ഞു. കഴിഞ്ഞ കൊല്ലം 2.1 കോടി ആഭ്യന്തര ടൂറിസ്റ്റുകളാണ് സംസ്ഥാനം സന്ദര്‍ശിച്ചത്. വരും സീസണില്‍ സര്‍വകാല റെക്കോര്‍ഡ് കൈവരിക്കുമെന്നാണ് പ്രതീക്ഷ.

ഉത്തരവാദിത്ത ടൂറിസം കേരള ടൂറിസത്തിന്‍റെ മുഖമായി മാറിക്കഴിഞ്ഞു. സംസ്ഥാനത്തിന്‍റെ ജിഡിപിയില്‍ ടൂറിസത്തിന്‍റെ സംഭാവന 30 ശതമാനമാക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. ടൂറിസം ഇന്‍വസ്റ്റേഴ്സ് മീറ്റ് നടത്തിയത് ഈ ദിശയിലേക്കുള്ള പ്രവര്‍ത്തനമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Advertisment
Advertisment