/sathyam/media/media_files/JHhlICJdssPmKXUXMwYt.jpeg)
തിരുവനന്തപുരം: സംസ്ഥാനത്ത് പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാത്ത കുട്ടികൾക്ക് ഒരു ശ്രമം കൂടി അനുവദിക്കുന്നതിന്റെ ഭാഗമായി സേ പരീക്ഷ നടത്തും. മെയ് 28 മുതൽ ജൂൺ നാല് വരെയാണ് സേ പരീക്ഷയുടെ തീയ്യതികൾ. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ഭവൻ വിജ്ഞാപനമിറക്കി. എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകളിൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാത്ത കുട്ടികൾക്ക് പരീക്ഷയെഴുതാം.
എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണ 99.69 ശതമാനമാണ് വിജയം. എസ്എസ്എൽസിക്ക് കഴിഞ്ഞ തവണ 99. 7% ആയിരുന്നു വിജയം. ഇത്തവണ 0.01% മാത്രമാണ് ഫലത്തിലുണ്ടായ കുറവ്. എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയവരുടെ എണ്ണം 71,831. വിജയ ശതമാനം ഏറ്റവും കൂടുതൽ കോട്ടയം ജില്ലയിൽ 99.92. കുറവ് തിരുവനന്തപുരത്ത്. 99.08. പാലാ ഉപവിദ്യാഭ്യാസ ജില്ല സമ്പൂര്‍ണ വിജയം നേടി ഒന്നാമതെത്തി.
എസ്എസ്എൽസിക്ക് വാരിക്കോരി മാർക്കിടുന്നുവെന്ന ആക്ഷേപം ശക്തമാകുന്നതിനാൽ പരീക്ഷാരീതിയിൽ മാറ്റം വരുത്താൻ സര്‍ക്കാര്‍ തലത്തിൽ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ നിരന്തരമൂല്യ നിർണ്ണയത്തിന് 20 മാർക്കും എഴുത്തുപരീക്ഷയിൽ വെറും പത്ത് മാർക്കുമുണ്ടെങ്കിൽ പാസാകും. ഈ ഉദാര രീതി മാറ്റിയാണ് സബ്‌ജക്ട് മിനിമത്തിലേക്കുള്ള മടക്കം. എഴുത്തുപരീക്ഷയിൽ എല്ലാ വിഷയത്തിനും മിനിമം 12 മാർക്കുണ്ടെങ്കിലേ ജയിക്കൂ. എട്ടാം ക്ളാസ് വരെ എല്ലാവരെയും പാസ്സാക്കുന്ന രീതിയിലും മാറ്റം കൊണ്ടുവരും. പരിഷ്ക്കരണത്തിനായി ഉടൻ വിദ്യാഭ്യാസ വകുപ്പ് കോൺക്ലേവ് നടത്തും.