തിരുവനന്തപുരം: 500 രൂപയുടെ മാത്രം മുദ്രപ്പത്രങ്ങൾ വിതരണം ചെയ്ത് നൂറു രൂപയുടെ മുദ്രപ്പത്രങ്ങൾ തേടിയെത്തുന്ന സാധാരണക്കാരെ കഴിഞ്ഞ അഞ്ച് മാസമായി സർക്കാർ കുത്തിപ്പിഴിയുകയാണെന്ന് ദേശീയ ജനതാ പാർട്ടി (RLM) സംസ്ഥാന എക്സിക്യൂട്ടീവ് ആരോപിച്ചു. ദേശീയ ജനറൽ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടൻ യോഗം ഉത്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് എൻ ഓ കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു.
ദരിദ്ര ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്ന ഈ നിലപാട് ഒരു ഇടതുപക്ഷ സർക്കാരിനു ഭൂഷണമല്ലെന്നും ചൂഷണം ഉടനടി അവസാനിപ്പിക്കണമെന്നും സംസ്ഥാനക്കമ്മറ്റി പാസ്സാക്കിയ പ്രമേയത്തിൽ ആവിശ്യപ്പെട്ടു.
500 രൂപയിൽ താഴെ മൂല്യമുള്ള മുദ്രപ്പത്രങ്ങൾ കിട്ടാതെ ജനം വലയുകയാണ്. സ്കൂൾ സർട്ടിഫിക്കറ്റുകൾക്കും കടകളുടേയും വീടുകളുടേയും വാടകച്ചീട്ടെഴുതാനും അവ പുതുക്കാനും 100 രൂപയുടെ പത്രം മതി. പാവങ്ങളുടെ നിരവധി ആവശ്യങ്ങൾക്ക് 20, 50, 100, 200 രൂപ പത്രങ്ങൾ ഉപയോഗിച്ചാൽ മതിയാവും.
എങ്ങനെയും പണമുണ്ടാക്കാനുള്ള സർക്കാരിൻ്റെ ആർത്തി മൂലം കോളനികളിലും പുറമ്പോക്കളിലും താമസിക്കുന്ന ജനങ്ങൾ പോലും 500 രൂപ കൊടുത്ത് മുദ്രപ്പത്രം വാങ്ങേണ്ട ശപിക്കപ്പെട്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
സാമ്പത്തികമായി തകർന്നു നിൽക്കുന്ന പാവപ്പെട്ട ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് വരുമാനം ഉണ്ടാക്കാനാണ് സർക്കാർ ക്രൂരമായ ഈ വിനോദം തുടരുന്നത്.
പാവപ്പെട്ട വിദ്യാർത്ഥികളും സ്ത്രീകളും വെണ്ടർ ഓഫീസിൽ നിന്നും കരഞ്ഞുകൊണ്ട് മടങ്ങുന്ന കാഴ്ച ഇന്ന് സാധാരണമാണ്.
ഈ ക്രൂരത അവസാനിപ്പിക്കണം. ധന-സഹകരണ വകുപ്പു മന്ത്രിമാർ ഈ ദയനീയ ചിത്രം കണ്ണു തുറന്നു കാണണമെന്നും 100 രൂപ മൂല്യമുള്ള മുദ്രപ്പത്രങ്ങൾ അടിയന്തരമായി വിതരണത്തിന് എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും ദേശീയ ജനതാ പാർട്ടി ആവശ്യപ്പെട്ടു.