കൊച്ചി: സംസ്ഥാന സര്‍ക്കാരിന്‍റെ ലോജിസ്റ്റിക്സ് പാര്‍ക്ക്സ് നയം രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കുമെന്ന് വ്യവസായ-കയര്‍-നിയമ മന്ത്രി പി രാജീവ് പറഞ്ഞു. പ്രധാനമന്ത്രി പ്രഖ്യാപിച്ച ദേശീയ മാരിറ്റൈം ക്ലസ്റ്റര്‍ പദ്ധതിയില്‍ കേരളത്തിന് ഈ നയം മേല്‍ക്കൈ നല്‍കും. കെഎസ്ഐഡിസിയുടെ സംസ്ഥാന മാരിറ്റൈം ക്ലസ്റ്ററിനും ഇതു വഴി മികച്ച ഗുണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കെഎസ്ഐഡിസി കൊച്ചിയില്‍ സംഘടിപ്പിച്ച മാരിറ്റൈം ആന്‍ഡ് ലോജിസ്റ്റിക്സ് റൗണ്ട് ടേബിള്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മാര്‍ച്ചിലാണ് സംസ്ഥാന വ്യവസായ വകുപ്പ് ലോജിസ്റ്റിക്സ് പാര്‍ക്ക്സ് നയത്തിന്‍റെ കരട് പുറത്തിറക്കിയത്. ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍ക്ക് ഏഴ് കോടി രൂപ വരെ സബ്സിഡിയും പാര്‍ക്കുകളെ വ്യവസായ മേഖലയായി പ്രഖ്യാപിക്കുകയും ചെയ്യുന്നതടക്കം നിരവധി ശുപാര്‍ശകളാണ് നയത്തില്‍ പരാമര്‍ശിച്ചിരുന്നത്. എല്ലാ പങ്കാളിത്ത മേഖലയില്‍ നിന്നുമുള്ള പ്രതികരണങ്ങള്‍ ലഭിച്ചു കഴിഞ്ഞതായി മന്ത്രി രാജീവ് പറഞ്ഞു. മന്ത്രിസഭയില്‍ അവതരിപ്പിച്ചതിനു ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചേര്‍ത്തലയില്‍ അടുത്ത വര്‍ഷം പൂര്‍ണ സജ്ജമാകുന്ന കെഎസ്ഐഡിസിയുടെ സംസ്ഥാന മാരിറ്റൈം ക്ലസ്റ്ററിന് ഊര്‍ജ്ജം പകരുന്നതാണ് ദേശീയ മാരിറ്റൈം ക്ലസ്റ്ററെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി പ്രഖ്യാപിച്ച ദേശീയ മാരിറ്റൈം ക്ലസ്റ്ററില്‍ കേരളത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സിഎംഡി മധു എസ് നായര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന കപ്പല്‍നിര്‍മ്മാണ ശാലയാണ് കൊച്ചയിലുള്ളത്. വാണിജ്യപരമായി നേട്ടമുണ്ടാക്കുന്ന എല്ലാ മേഖലകളിലും നിക്ഷേപമുള്‍പ്പെടെ കൊച്ചി കപ്പല്‍ശാലയുടെ എല്ലാ സഹകരണവുമുണ്ടാകും.
വ്യവസായം വളരില്ലെന്ന് അപഖ്യാതി കേരളത്തിന് മാറ്റിയെടുക്കാനായിട്ടുണ്ട്. തൊഴിലാളി സമരങ്ങള്‍ എന്നത് പഴങ്കഥയായി മാറി. ഇന്ത്യയില്‍ തൊഴിലാളികള്‍ ഏറ്റവും അര്‍പ്പണബോധത്തോടു കൂടി ജോലി ചെയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് കൊച്ചി കപ്പല്‍ശാലയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായമെന്നതാണ് സര്‍ക്കാരിന്‍റെ നയമെന്ന് മന്ത്രി പറഞ്ഞു. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായവകുപ്പ് നിരവധി പദ്ധതികളും ചട്ടഭേദഗതികളും കൊണ്ടു വന്നിട്ടുണ്ട്. എംഎസ്എംഇ ഇന്‍ഷുറന്‍സ് പദ്ധതി, കാമ്പസ് വ്യവസായപാര്‍ക്കുകള്‍, സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍, എന്നിവ സര്‍ക്കാരിന്‍റെ ക്രിയാത്മക പദ്ധതികളാണെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ കെഎസ്ഐഡിസി ചെയര്‍മാന്‍ പോള്‍ ആന്‍റണി, എംഡിയും വ്യവസായവകുപ്പ് ഡയറക്ടറുമായ എസ് ഹരികിഷോര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ ഹരികൃഷ്ണന്‍ തുടങ്ങിയര്‍ സംസാരിച്ചു.
കേരളത്തിന്‍റെ സമുദ്രസാധ്യതകള്‍ എങ്ങിനെ പൂര്‍ണമായും ഉപയോഗപ്പെടുത്താം എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും നടന്നു. ഇന്ന് ഈ മേഖലയില്‍ ഏറ്റവുമധികം സാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു. വിനോദസഞ്ചാരത്തിനും ഗതാഗതത്തിനും കേരളത്തിന്‍റെ ബൃഹത്തായ ജലസാധ്യതകള്‍ ഉപയോഗപ്പെടുത്തണം. രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളാണ് കേരളത്തിലുള്ളത്. ഇവിടേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തിയാല്‍ കേരളത്തിലെ മാരിറ്റൈം മേഖലയ്ക്ക അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
കെഎസ്ഐഎന്‍സി എം ഡി ആര്‍ ഗിരിജ, ടിവിഎസ് ഗ്ലോബല്‍ ഫ്രൈറ്റ് സൊല്യൂഷന്‍സ് ജിഎം എംഎസ്ആര്‍ കുമാര്‍, മാരിറ്റൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സിഇഒ ശ്രീകുമാര്‍ കെ നായര്‍, സത്വ ലോജിസ്റ്റിക്സ് ഡയറക്ടര്‍ പത്മനാഭന്‍ സന്താനം, സീഹോഴ്സ് ഗ്രൂപ്പ് റീജ്യണല്‍ മാനേജര്‍ പ്രകാശ് അയ്യര്‍, ട്രാന്‍സ് ഏഷ്യന്‍ ഷിപ്പിംഗ് സര്‍വീസസ് എംഡി ജോണ്‍സണ്‍ മാത്യു കൊടിഞ്ഞൂര്‍, എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
സംസ്ഥാന സര്‍ക്കാരിന്‍റ ലോജിസ്റ്റിക്സ് പാര്‍ക്ക്സ് നയം രണ്ടാഴ്ചയ്ക്കുള്ളില്‍ ദേശീയ മാരിറ്റൈം ക്ലസ്റ്ററിന് കരുത്ത് പകരും- പി രാജീവ്
കെഎസ്ഐഡിസി കൊച്ചിയില്‍ സംഘടിപ്പിച്ച മാരിറ്റൈം ആന്‍ഡ് ലോജിസ്റ്റിക്സ് റൗണ്ട് ടേബിള്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
New Update
Advertisment