തീരദേശങ്ങളിലെ കലാപ്രതിഭകൾക്കായി വേദി ഒരുക്കുന്നതിനും തീരദേശ കടലോര സംസ്കൃതിയും വാമൊഴികളും വരും തലമുറയ്ക്കായി ആർക്കൈവ് ചെയ്യുന്നതിനുമായി, സാംസ്‌കാരിക വകുപ്പിന് വേണ്ടി കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ഒരുക്കുന്ന കടൽ മിഴി തീരദേശ സർഗ്ഗയാത്രയുടെ സംസ്ഥാന തല ഉദ്‌ഘാടനം ബഹു.സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും.
ഇന്ന് വൈകുന്നേരം 6 മണിക്ക് അഡ്വ.ആന്റണി രാജു എം.എൽ.യുടെ അധ്യക്ഷതയിൽ ശംഖുമുഖം ബീച്ച് പാർക്കിൽ നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തിൽ സാംസ്‌കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ.ഖോബ്രഗടെ ഐ.എ..എസ് 9 തീരദേശങ്ങളിലായി 27 ദിന-രാത്രങ്ങളിൽ അരങ്ങേറുന്ന കടൽ മിഴിയുടെ കലണ്ടർ പ്രകാശനവും, ചലച്ചിത്ര അഭിനേതാവ് അലയൻസിയർ കടൽ മഴമിഴി ലോഗോ പ്രകാശനവും നിർവ്വഹിക്കും. ഇതേ വേദിയിൽ വച്ച് കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി സെന്റ്റർ ഫോർ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഇൻ കൾച്ചർ (സി.ഡി.ടി.സി) രൂപകല്‌പന ചെയ്‌തു വികസിപ്പിച്ചെടുത്ത, സാംസ്ക്കാരിക വകുപ്പിന്റെ സഹകരണത്തോടെ ആവിഷ്‌കരിക്കുന്ന, കേരളീയ കലകളുടെ സമഗ്രമായ ആർകൈവിങ് പദ്ധതിയുടെ വെബ്സൈറ്റ് പ്രകാശനം ബഹു. സാംസ്ക്കാരിക വകുപ്പ് മന്ത്രി ജയകുമാർ ഐ.എ.എസ്സിന്റെ സാന്നിദ്ധ്യത്തിൽ മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും .
ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ, ഫിഷറീസ് ഡയറക്ടർ - അബ്ദുൽ നാസർ ഐ. എ. എസ്, അലയൻസ് ഫ്രാൻസെസ് ഡയറക്ടർ മാർഗോട്ട് മിചൗഡ്, സാംസ്‌കാരിക വകുപ്പ് ഡയറക്ർ ഇൻ ചാർജ്ജ് . സുമേഷ് കുമാർ.സി, ഗിരീഷ് പുലിയൂർ, ശംഖും മുഖം വാർഡ് കൗൺസിലർ സെറാഫിൻ ഫ്രഡി, വലിയ തുറ വാർഡ് കൗൺസിലർ ഐറിൻ ടി.ആർ, വിനോദ് വൈശാഖി,അഡ്വ.റോബിൻ സേവ്യർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് സിനിമ പിന്നണി ഗായകൻ സുഭാഷ് മാലി നയിക്കുന്ന കടൽപ്പാട്ടുകളും തുടർന്ന് വയലാർ രാമവർമ്മ മഹിളാ സാംസ്‌കാരിക വേദി ഒരുക്കുന്ന സാഗര ഗീതങ്ങളും, വിഖ്യാത ചലച്ചിത്രമായ ചെമ്മീനിന്റെ പ്രദർശനവും ശംഖുമുഖം ബീച്ച് പാർക്കിൽ നടക്കും.
കടലോര കലകളെ പൊതു സമൂഹത്തിന് പരിചിതമാക്കുന്ന സാംസ്‌കാരിക പദ്ധതിയായ ‘കടൽ മിഴിയിൽ’പരമ്പരാഗത കലാരൂപങ്ങളായ അണ്ണാവിപ്പാട്ട്, പുത്തൻപാന, അമ്മാനപ്പാട്ട്, ദേവാസ്‌തവിളി, പരിചമുട്ടുകളി, മാർഗ്ഗംകളി, ശ്ലാമകരോൾ, ചവിട്ടു നാടകം, പിച്ചപ്പാട്ട്, കടൽവഞ്ചിപ്പാട്ടുകൾ, മീൻപാട്ടുകൾ, തീരദേശത്തിന്റെ മക്കൾ പ്രാവീണ്യം അറിയിച്ച കേരളീയ കലാരൂപങ്ങളുമാണ് 9 തീരദേശങ്ങളിലായി അവതരിക്കപ്പെടുക. അവതരിപ്പിക്കുന്ന ഓരോരുത്തർക്കും സർട്ടിഫിക്കറ്റും, മൂവായിരം രൂപ സ്നേഹപാരിതോഷികവും നൽകും. സംസ്ഥാനത്തെ ഉത്തര-മദ്ധ്യ-ദക്ഷിണ മേഖലകളായി വേർതിരിച്ച് ഒരുക്കുന്ന ഈ സർഗ്ഗോത്സവത്തിന്റെ തിരുവനന്തപുരം, കൊല്ലം ,ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്,കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ അവതരണങ്ങൾക്ക് 2024 ഡിസംബർ ആദ്യവാരം തുടക്കം കുറിച്ച് 2025 ഫെബ്രുവരി രണ്ടാം വാരത്തോടെ സമാപനം കുറിക്കും.