Advertisment

കര്‍ശനമായ ഹരിതമാനദണ്ഡങ്ങള്‍- കയ്യടി നേടി കെടിഎം 2024

പ്രാഥമികമായും ബയര്‍-സെല്ലര്‍ വാണിജ്യ കൂടിക്കാഴ്ചകള്‍ തീരുമാനിക്കാനാണ് ആപ്പ് ഉപയോഗിക്കുന്നത്. ആന്‍ഡ്രോയിഡിലും ഐഒഎസിലും വളരെ ലളിതമായി ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണിത്.

New Update
drtyuikjhgrertyuio
കൊച്ചി: പരിഷ്കരിച്ച സോഫ്റ്റ് വെയറിന്‍റെ സഹായത്തോടെ കെടിഎം 2024 പന്ത്രണ്ടാമത് ലക്കം പൂര്‍ണമായും പേപ്പര്‍രഹിത ഇടപെടലുകള്‍ നടത്തി ശ്രദ്ധനേടി. ടൂറിസം മേഖലയിലെ സുസ്ഥിര വികസനമാനദണ്ഡങ്ങള്‍ മാര്‍ട്ടിന്‍റെ നടത്തിപ്പിലൂടെ പാലിച്ച് മാതൃക സൃഷ്ടിക്കുകയാണ് കെടിഎം.

പ്രാഥമികമായും ബയര്‍-സെല്ലര്‍ വാണിജ്യ കൂടിക്കാഴ്ചകള്‍ തീരുമാനിക്കാനാണ് ആപ്പ് ഉപയോഗിക്കുന്നത്. ആന്‍ഡ്രോയിഡിലും ഐഒഎസിലും വളരെ ലളിതമായി ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണിത്. ലഭിച്ച കൂടിക്കാഴ്ചകള്‍ പ്രകാരം ബയര്‍മാര്‍ ഓരോ സ്റ്റാളുകളിലുമെത്തണം. കൂടിക്കാഴ്ചയ്ക്ക് ശേഷം ബയര്‍മാര്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുന്നതോടെ നടപടിക്രമങ്ങള്‍ അവസാനിക്കുന്നു.

ആകെയുള്ള 347 സ്റ്റാളുകളെ എട്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ബയര്‍-സെല്ലര്‍ കൂടിക്കാഴ്ചയ്ക്ക് പുറമെ സന്ദര്‍ശകര്‍ക്ക് കെടിഎമ്മിനെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പിലൂടെ ലഭിക്കുമെന്ന് കെടിഎം സിഇഒ രാജ്കുമാര്‍ കെ പറഞ്ഞു. രജിസ്റ്റര്‍ ചെയ്ത ബയര്‍മാര്‍ക്കും സെല്ലര്‍മാര്‍ക്കും മാത്രമേ ഒടിപിയുടെ സഹായത്തോടെ കൂടിക്കാഴ്ചയുടെ വിഭാഗത്തിലേക്ക് കടക്കാന്‍ സാധിക്കൂ. രണ്ടാഴ്ച മുമ്പ് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ് ആപ്പ് പുറത്തിറക്കിയത്.

കൂടിക്കാഴ്ചയുടെ നിലവാരം രേഖപ്പെടുത്താനും ഫീഡ് ബാക്ക് നല്‍കാനുമുള്ള സൗകര്യം ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ പരാതിപരിഹാരവും ആപ്പിലൂടെ ചെയ്യാം. ആപ്പിന്‍റെ ഉപയോഗത്തോടെ ഒരു ലക്ഷത്തിനടുത്ത് കടലാസുകളാണ് ലാഭിക്കാനായതെന്ന് രാജ്കുമാര്‍ ചൂണ്ടിക്കാട്ടി. ഒരു സെല്ലര്‍ ദിവസം 100 ഓളം കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെടിഎം നിയോഗിച്ച എട്ടംഗ ഐടി സംഘമാണ് നാല് മാസം കൊണ്ട് ആപ്പ് വികസിപ്പിച്ചെടുത്തത്.

എക്സിബിറ്റര്‍, പ്രോഗ്രാംസ്, ഫുഡ് പ്ലാന്‍, ക്വിക്ക് ഹെല്‍പ്, വെന്യു, ആക്ടിവിറ്റീസ്, കെടിഎം ആന്‍ഡ് മൊമെന്‍റസ് എന്നിങ്ങനെയാണ് ആപ്പിലെ ടാബുകള്‍. കെടിഎം നടക്കുന്ന മൂന്ന് ദിവസങ്ങളിലും ആപ്പ് അപ്ഡേറ്റ് ആകുന്നതോടെ അതിന്‍റെ ഗുണനിലവാരം വര്‍ധിച്ചുവെന്ന് കെടിഎമ്മിന്‍റെ ഐടി കമ്മിറ്റി ചെയര്‍മാന്‍ രഞ്ജു ജോസഫ് പറഞ്ഞു.

2022 ലാണ് കെടിഎമ്മിലെ കൂടിക്കാഴ്ചകള്‍ വെബ്സൈറ്റ് മുഖാന്തിരമാക്കിയത്. കെടിഎമ്മില്‍ പൂര്‍ണമായും വൈഫൈ നല്‍കിയിട്ടുണ്ടെങ്കിലും ഇതില്‍ കൂടിക്കാഴ്ചകള്‍ക്കായി ഇന്‍റര്‍നെറ്റിന്‍റെ ആവശ്യമില്ലെന്ന് രഞ്ജു ചൂണ്ടിക്കാട്ടി.

ആപ്പ് ഏറെ സൗകര്യപ്രദമായിരുന്നുവെന്ന് പ്രതിനിധികളും ചൂണ്ടിക്കാട്ടി. നിശ്ചയിച്ച കൂടിക്കാഴ്ചകളിലും കൂടുതല്‍ പേര്‍ ആപ്പ് വഴി കേരള കലാമണ്ഡലത്തിന്‍റെ സ്റ്റാളിലെത്തിയെന്ന് രജിസ്ട്രാര്‍ പി രാജേഷ് കുമാര്‍ പറഞ്ഞു. അല്‍പം വൈകിയാല്‍പോലും ബയര്‍മാര്‍ കൂടിക്കാഴ്ച പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്ന് റിസോര്‍ട്ട് ഉടമ ജയശങ്കര്‍ പരമേശ്വരന്‍ ചൂണ്ടിക്കാട്ടി.

800 ഓളം വിദേശികളടക്കം ആകെ 2,800 ലധികം ബയര്‍മാരാണ് കെടിഎമ്മിനെത്തിയത്. ഹരിതമാനദണ്ഡങ്ങളുടെ കര്‍ശമായ പാലനത്തോടെ അന്തര്‍ദേശീയ ശ്രദ്ധയും കെടിഎമ്മിന് ലഭിച്ചു. മൈസ് ടൂറിസം, വെഡിംഗ്-ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ എന്നീ നിലയില്‍ സ്വയം അവതരിപ്പിക്കുന്ന കേരള ടൂറിസത്തിന് കടലാസ് രഹിത മാര്‍ട്ട് നടത്തിപ്പ് മുതല്‍ക്കൂട്ടാവുകയാണ്.
Advertisment
Advertisment