കൊച്ചി: ലോക സ്‌ട്രോക് ദിനാചരണത്തിന്റെ ഭാഗമായി അമൃത ആശുപത്രിയിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. സ്ട്രോക്കിന്റെ വിവിധ ലക്ഷണങ്ങൾ കോർത്തിണക്കി മെഡിക്കൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. പൊതുജനങ്ങൾക്കായി ബോധവത്കരണ പോസ്റ്റർ പ്രദർശനവും നടന്നു. നഴ്‌സിംങ് വിദ്യാർഥികൾ സ്ട്രോക് അവബോധ ദൃശ്യാവിഷ്‌കാരം നടത്തി.
31 ന് രാവിലെ ആശുപത്രിയുടെ മുന്നിൽ നിന്നാരംഭിച്ച സ്ട്രോക് ഡേ റണ്ണിന്റ ഫ്ലാഗ് ഓഫ് ലയൺസ് ക്ലബ്ബ് ഡിസ്‌ട്രിക്‌ട് ഗവർണർ രാജൻ നമ്പൂതിരിയും, സ്ട്രോക് വിഭാഗം മേധാവി ഡോ.വിവേക് നമ്പ്യാരും ചേർന്ന് നിർവഹിച്ചു. ഇടപ്പള്ളി കുന്നുംപുറം ജംഗ്ഷനിലേക്കും തിരിച്ച് ആശുപത്രിയിലേക്കും നടന്ന സ്ട്രോക് ഡേ റണ്ണിൽ ഇരുന്നൂറോളം പേരാണ് പങ്കെടുത്തത്.
ഡോ. വിവേക് നമ്പ്യാർ ബോധവൽക്കരണ ക്‌ളാസുകൾ നടത്തി. ഉയർന്ന രക്തസമ്മർദ്ദമാണ് മസ്തിഷ്കാഘാതത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകമെന്നും അതിനാൽ രക്തസമ്മർദ്ദം സന്തുലിതമായി നിലനിർത്താൻ ഉപ്പിന്റെ അമിത ഉപയോഗം നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹൃദ്രോഗികൾക്കും ഹൃദയവാൽവിന് തകരാറുള്ളവർക്കും ഉയർന്ന സ്ട്രോക് സാധ്യതയുള്ളതിനാൽ അവർ അനുബന്ധമായ പരിശോധനകൾ ചെയ്ത് പ്രത്യേക കരുതൽ സ്വീകരിക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു.