തിരുവനന്തപുരം: സെപ്തംബര്‍ 7 ന് ആരംഭിക്കുന്ന സൂപ്പര്‍ ലീഗ് കേരള 2024 ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ആവേശത്തിന് നിറം പകരാന്‍ ടെക്നോപാര്‍ക്കില്‍ പ്രൊമോഷണല്‍ ഇവന്‍റ് സംഘടിപ്പിച്ചു. കേരളത്തിലെ ആറ് ടീമുകളിലൊന്നായ തിരുവനന്തപുരം കൊമ്പന്‍സ് എഫ് സിയാണ് ടൂര്‍ണമെന്‍റിന്‍റെ ആവേശം വാനോളമുയര്‍ത്താനായി 'സൂപ്പര്‍ പാസ് റിലേ' എന്ന് പേരിട്ടിരിക്കുന്ന ചടങ്ങ് കേരളത്തിലുടനീളം സംഘടിപ്പിക്കുന്നത്.തലസ്ഥാന നഗരം മികച്ച ടെക്നോളജി ഹബ്ബ് മാത്രമല്ല വളര്‍ന്നു വരുന്ന കായിക കേന്ദ്രം കൂടിയാണെന്ന് സൂപ്പര്‍ പാസ് റിലേ സ്വീകരിച്ചുകൊണ്ട് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) പറഞ്ഞു.
ടൂറിസം, ഐടി മേഖലകളില്‍ തലസ്ഥാന നഗരം ഇതിനോടകം ആഗോളതലത്തില്‍ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. സൂപ്പര്‍ ലീഗ് കേരള 2024 ല്‍ ഒരു ടീം തലസ്ഥാനത്തെ പ്രതിനിധീകരിക്കുന്നത് ഇവിടം ഒരു സ്പോര്‍ട് ഹബ്ബായി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം കൊമ്പന്‍സ് എഫ് സിക്ക് ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നതിന് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ടെക്നോപാര്‍ക്ക് മുന്‍ സിഇഒ ജി. വിജയരാഘവന്‍, ടെക്നോപാര്‍ക്കിലെ ഉദ്യോഗസ്ഥര്‍, വിവിധ കമ്പനികളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.ആഗസ്റ്റ് 17 ന് കാസര്‍ഗോഡ് നിന്നാരംഭിച്ച സൂപ്പര്‍ പാസ് റിലേ കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ച് സെപ്തംബര്‍ 7 ന് കൊച്ചിയില്‍ സമാപിക്കും.
കാലിക്കറ്റ് എഫ് സി, കണ്ണൂര്‍ വാരിയേഴ്സ് എഫ് സി, കൊച്ചി ഫോര്‍ക്ക എഫ് സി, മലപ്പുറം എഫ് സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ് സി, തൃശൂര്‍ മാജിക് എഫ് സി എന്നിങ്ങനെ ആറ് ഫ്രൈഞ്ചൈസികളാണ് സൂപ്പര്‍ ലീഗ് കേരളയില്‍ ഇടംപിടിച്ചിട്ടുള്ളത്.
കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, മഞ്ചേരിയിലെ മലപ്പുറം ജില്ലാ സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയം, കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയം, തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നത്. നവംബര്‍ 10 നാണ് ഫൈനല്‍.