എടപ്പാള്‍: നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക ഇനിയും നല്‍കാതെ സപ്ലൈകോ. ബാങ്കുകളുമായുണ്ടാക്കിയ കടപരിധി (ക്രെഡിറ്റ് ലിമിറ്റ്) കഴിഞ്ഞതോടെ അവര്‍ പണം നല്‍കാത്തതാണ് പ്രതിസന്ധിക്കു കാരണം. 76 കോടിയോളം രൂപയാണ് മലപ്പുറത്ത കര്‍ഷകര്‍ക്ക് ഈയിനത്തില്‍ കിട്ടാനുള്ളത്.
കനറാ ബാങ്ക്, എസ്.ബി.ഐ. എന്നിവയുമായാണ് സര്‍ക്കാരിന് കരാറുള്ളത്. ഇവര്‍ നെല്ല് സംഭരിച്ചശേഷം സപ്ലൈകോ നല്‍കുന്ന പി.ആര്‍.എസ്. പ്രകാരമുള്ള തുക നല്‍കുകയും സര്‍ക്കാര്‍ നിശ്ചിതസമയത്തിനുള്ളില്‍ അത് ബാങ്കുകള്‍ക്ക് തിരിച്ചുനല്‍കുകയുമാണ് രീതി.
ഈ സീസണില്‍ കര്‍ഷകര്‍ക്കു നല്‍കാനായി ബാങ്കുകള്‍ സമ്മതിച്ച തുക നല്‍കിക്കഴിഞ്ഞതോടെ അതിനുശേഷം സംഭരിച്ച നെല്ലിന്റെ ഉടമകളാണ് പ്രയാസത്തിലായത്.
നേരത്തേ മറ്റു ബാങ്കുകളുമായും കരാറുണ്ടായിരുന്നെങ്കിലും ഇത്തവണ മറ്റു ബാങ്കുകളൊന്നും ഇതിലുള്‍പ്പെട്ടിട്ടില്ല. നെല്ല് സംഭരിച്ചവര്‍ കൃത്യമായി പി.ആര്‍.എസ്. അടിച്ചുനല്‍കാത്തതും പലപ്പോഴും തുക നല്‍കുന്നതിന് വിഘാതമാകുന്നു.
കേരളത്തിലെ 14 ജില്ലകളില്‍നിന്നുമായി കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലിന്റെ തുക നല്‍കാനുണ്ട്. ഇതില്‍ ഭൂരിഭാഗവും പുഞ്ചക്കര്‍ഷകരാണ്. കടമെടുത്തും ആഭരണങ്ങള്‍ പണയംവെച്ചുമെല്ലാമാണ് ഭൂരിഭാഗം കര്‍ഷകരും കൃഷിചെയ്യുന്നത്. കൊയ്ത്തുകഴിഞ്ഞ് നെല്ല് നല്‍കുമ്പോള്‍ ലഭിക്കുന്ന പണംകൊണ്ട് കടം വീട്ടാമെന്ന പ്രതീക്ഷയിലാണ് ഇത്തരത്തില്‍ കൃഷിയിറക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ 21.83 രൂപയും സംസ്ഥാനത്തിന്റെ 12 പൈസ കയറ്റുകൂലിയടക്കം 6.49 രൂപയുമടക്കം 28.32 രൂപയ്ക്കാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്.
പുഞ്ചക്കോളില്‍ കൊയ്ത്തുകഴിഞ്ഞ് 90 ശതമാനത്തോളം നെല്ലും കയറ്റിക്കഴിഞ്ഞു. മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പൊന്നാനി കോളില്‍ മാത്രം ആറായിരത്തഞ്ഞൂറോളം ഏക്കറില്‍ പുഞ്ചക്കൃഷിയുണ്ട്.
ഏറ്റവും കൂടുതല്‍ കുടിശ്ശികയുള്ളത് പാലക്കാട് ജില്ലയിലാണ്. 506,90,24,945 രൂപ. ഇവിടെനിന്ന് 17,80,90,323 കിലോ നെല്ലാണ് സംഭരിച്ചിട്ടുള്ളത്. ആലപ്പുഴയാണ് തൊട്ടുപിറകില്‍ 427,07,56,102 രൂപ. തൃശ്ശൂരില്‍ 217,71,71,368 രൂപയാണ് കൊടുക്കാനുള്ളത്.