Advertisment

മണിമലയാറ്റിലെ തേലപ്പുഴക്കടവിലെ തൂക്കുപാലത്തിലും തൂണുകളിലും തുരുമ്പ് വ്യാപിക്കുന്നു

2012ൽ നിർമിച്ച പാലത്തിന്റെ തൂണുകളിലും പ്രധാനപ്പെട്ട ഇരുമ്പ് കമ്പികളിലും ആളുകളുടെ സുരക്ഷയ്ക്കായി ഇരുവശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് പട്ടകളിലും തുരുമ്പ് വ്യാപിച്ചു തുടങ്ങി.

New Update
ertyuiuytrewiu6y5tr

ആനിക്കാട് ∙ മണിമലയാറ്റിലെ തേലപ്പുഴക്കടവിലെ തൂക്കുപാലത്തിലും തൂണുകളിലും തുരുമ്പ് വ്യാപിക്കുന്നു.2012ൽ നിർമിച്ച പാലത്തിന്റെ തൂണുകളിലും പ്രധാനപ്പെട്ട ഇരുമ്പ് കമ്പികളിലും ആളുകളുടെ സുരക്ഷയ്ക്കായി ഇരുവശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് പട്ടകളിലും തുരുമ്പ് വ്യാപിച്ചു തുടങ്ങി. ഇരുമ്പ് കയർ ബന്ധിപ്പിച്ചിരിക്കുന്ന തൂണുകളിലെ പെയിന്റിങ്ങും ഇളകിത്തുടങ്ങി.ആനിക്കാട് പഞ്ചായത്ത് കരയുടെ ഭാഗത്ത് കാടും വളർന്നത് യാത്രയ്ക്കു തടസ്സമാകുന്നതായി പരാതി.

Advertisment

തൂക്കുപാലം ആദ്യസമയങ്ങളിൽ അവഗണിക്കപ്പെട്ടിരുന്നുവെങ്കിലും 2017ൽ ജില്ലാ പഞ്ചായത്തിൽനിന്നുള്ള തുക വിനിയോഗിച്ച് മിനുക്കുപണികൾ നടത്തിയിരുന്നു. പിന്നീട് കാര്യമായ പുനരുദ്ധാരണ പ്രവൃത്തികൾ നടത്താതെ അവഗണിക്കപ്പെട്ട സ്ഥിതിയാണ്. 122 മീറ്റർ നീളവും 1.20 മീറ്റർ വീതിയുമുള്ള തൂക്കുപാലം ദുരന്തനിവാരണ പദ്ധതിയിൽപെടുത്തി 85,20,672 രൂപ ചെലവഴിച്ചാണ് നിർമിച്ചത്.

ആനിക്കാട് പഞ്ചായത്ത് കരയോടു ചേർന്നുള്ള ഭാഗത്ത് തൂക്കുപാലത്തിലേക്കു മുളകൾ വളർന്നു പന്തലിക്കാൻ തുടങ്ങി. വെട്ടിത്തെളിക്കാതിരുന്നാൽ പാലത്തിലൂടെയുള്ള യാത്ര ബുദ്ധിമുട്ടിലാകും. പ്രവേശനകവാടത്തിലും കാട് വളർന്നു. ഇഴജന്തുക്കളെ ഭയന്നുവേണം പാലത്തിലേക്കു പ്രവേശിക്കാനെന്ന് യാത്രക്കാർ പറയുന്നു. വായ്പൂര് ഗവ. എംആർഎസ്എൽബിവി ഹയർ സെക്കൻഡറി സ്കൂൾ, വായ്പൂര് എൻഎസ്എസ് സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള കുട്ടികൾ ഉൾപ്പെടെ ഒട്ടേറെ യാത്രക്കാരാണ് തൂക്കുപാലത്തെ ആശ്രയിക്കുന്നത്.

കമ്പികളിൽ തുരുമ്പ് വ്യാപിച്ചതിനാൽ യാത്രക്കാർ ഭീതിയോടെയാണ് അക്കരെയിക്കരെ കടക്കുന്നത്. ഇരുമ്പ് പട്ടകളിൽ കയ്യോ മറ്റോ തട്ടിയാൽ പരുക്കുമേൽക്കാനുള്ള സാധ്യതയുണ്ട്. ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന തൂക്കുപാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisment