നമ്മുടെ ആരോഗ്യകാര്യങ്ങളില്‍ എന്തെങ്കിലും വ്യത്യാസങ്ങളോ പ്രശ്നങ്ങളോ സംഭവിച്ചാല്‍ അതിനെ സൂചിപ്പിക്കാൻ ശരീരം തന്നെ വിവിധ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഈ ലക്ഷണങ്ങള്‍ നാം ശ്രദ്ധിക്കാതെ പോവുകയോ പ്രശ്നം തിരിച്ചറിയാതെ പോവുകയോ ചെയ്യുന്നതാണ് പതിവ്. ഇത്തരത്തില്‍ വൃക്കകള്‍ അപകടത്തിലാണ്, സമയബന്ധിതമായ ശ്രദ്ധ - മെഡിക്കല്‍ കെയര്‍ ആവശ്യമാണ് എന്ന് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
പൊതുവില്‍ വൃക്കരോഗങ്ങളുടെ ഒരു വെല്ലുവിളി എന്തെന്നാല്‍ ഇത് പ്രാരംഭഘട്ടത്തില്‍ കൃത്യമായ ലക്ഷണങ്ങളെ കാണിക്കില്ല എന്നതാണ്. അതിനാല്‍ തന്നെ 'സൈലന്‍റ് കില്ലര്‍' അഥവാ നിശബ്ദ ഘാതകൻ എന്നും വൃക്കരോഗങ്ങളെ വിശേഷിപ്പിക്കാറുണ്ട്.
എങ്കിലും രോഗം കൂടിവരുന്നതിന് അനുസരിച്ച് തീര്‍ച്ചയായും ശരീരം ലക്ഷണങ്ങള്‍ കാണിക്കും. വിശപ്പില്ലായ്മ, ശരീരഭാരം കുറയല്‍, കാല്‍വണ്ണയിലോ പാദങ്ങളിലോ കൈകളിലോ എല്ലാം നീര് തുടങ്ങിയ ലക്ഷണങ്ങളാണ് വൃക്ക അപകടത്തിലാണെന്നതിന് തെളിവായി വരുന്നത്.
ശ്വാസതടസവും വൃക്കരോഗങ്ങള്‍ പഴകുന്നതിന്‍റെ ഭാഗമായി വരാവുന്നൊരു പ്രശ്നമാണ്. വൃക്കകളുടെ പ്രവര്‍ത്തനം അവതാളത്തിലാകുന്നതോടെ ശരീരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയുണ്ടാകുന്നു. ഇതിലൂടെ ഇലക്ട്രോലൈറ്റുകളും കെട്ടിക്കിടക്കുന്നു. ഇതാണ് ശ്വാസതടസം സൃഷ്ടിക്കുന്നത്.
വൃക്കയുടെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയോ ഭാഗികമായി തടസപ്പെടുക തന്നെയോ ചെയ്യുമ്പോള്‍ ഇതിനെ അതിജീവിക്കാൻ ശരീരം ഒരുപാട് ശ്രമിക്കുന്നു. ഇതോടെ കാര്യമായ ക്ഷീണം നാം അനുഭവിക്കാം. എന്നാല്‍ ക്ഷീണം നേരിടുന്നതിനൊപ്പം തന്നെ മറ്റ് ലക്ഷണങ്ങള്‍ കൂടി കണ്ടാലേ വൃക്കരോഗം സംശയിക്കേണ്ടതുള്ളൂ. കാരൺ ക്ഷീണം പല രോഗങ്ങളുടെയും ആരോഗ്യപ്രശ്നങ്ങളുടെയുമെല്ലാം ലക്ഷണമായി വരാറുള്ളതാണ്.
മൂത്രത്തില്‍ രക്തം, തലവേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങളും വൃക്കരോഗങ്ങളെ സൂചിപ്പിക്കുന്നതാകാം. എന്തായാലും ഇപ്പറഞ്ഞ ലക്ഷണങ്ങളെല്ലാം കാണുന്നപക്ഷം ഉടൻ തന്നെ ആശുപത്രിയിലെത്തി പരിശോധന നടത്തുകയാണ് ആദ്യം വേണ്ടത്. ഇതിന് മുമ്പ് സ്വയം രോഗനിര്‍ണയം നടത്താൻ ശ്രമിക്കരുത്. പല രോഗങ്ങള്‍ക്കും ഒരുപോലുള്ള ലക്ഷണങ്ങള്‍ വരാം. ചിലത് നിസാരമോ ചിലത് ഗുരുതരമായതോ ആകാം. എന്നാലത് ലക്ഷണങ്ങളിലൂടെ മനസിലാക്കാൻ സാധിക്കണമെന്നില്ല. ആശുപത്രിയിലെത്തി പരിശോധന നിര്‍ബന്ധം.