Advertisment

സംസ്ഥാനത്ത് തേയില വില കുതിക്കുന്നു

വിദേശരാജ്യങ്ങളിൽനിന്ന് ഇലത്തേയിലയ്ക്ക് ആവശ്യം ഉയർന്നതാണ് വില ഉയരാൻ കാരണം. യൂറോപ്പ്, ഗൾഫ്, കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നടക്കം മികച്ച അന്വേഷണം എത്തിയിട്ടുണ്ട്. ഇതോടെ കയറ്റുമതി ഉയർന്നിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.

New Update
koiuytrertyu

സംസ്ഥാനത്ത് തേയില വില കുതിക്കുന്നു. കയറ്റുമതിയും ഉയർന്നിട്ടുണ്ട്. ഓർത്തഡോക്സ് വിഭാഗം ഇലത്തേയിലയ്ക്കാണ് ഡിമാൻഡ്. കഴിഞ്ഞ ആഴ്ച കൊച്ചിയിൽ നടന്ന ലേലത്തിൽ കിലോയ്ക്ക് 13.30 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. 2.45 ലക്ഷം കിലോയാണ് വിറ്റുപോയത്.

Advertisment

എന്നാൽ, സി.ടി.സി. തേയിലയടക്കം മൊത്തം 2.75 ലക്ഷം കിലോ തേയിലയാണ് ലേലത്തിൽ വില്പന നടത്തിയത്. ഓർത്തഡോക്സും സി.ടി.സി.യും ഉൾപ്പെടെ കിലോയ്ക്ക് 11.8 രൂപയുടെ വർധനയും രേഖപ്പെടുത്തി. അതായത്, ലേലത്തിൽ വെച്ച 95 ശതമാനം തേയിലയും വിറ്റുപോയി.

ഇന്ത്യയിൽ സി.ടി.സി. (ക്രഷ്, ടിയർ, കേൾ), ഓർത്തഡോക്സ് (ഇല), ഗ്രീൻ ടീ എന്നിവയാണ് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. ഇതിൽ സി.ടി.സി., ഓർത്തഡോക്സ് എന്നിവയാണ് ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്നത്.

വിദേശരാജ്യങ്ങളിൽനിന്ന് ഇലത്തേയിലയ്ക്ക് ആവശ്യം ഉയർന്നതാണ് വില ഉയരാൻ കാരണം. യൂറോപ്പ്, ഗൾഫ്, കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നടക്കം മികച്ച അന്വേഷണം എത്തിയിട്ടുണ്ട്. ഇതോടെ കയറ്റുമതി ഉയർന്നിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. കൂടാതെ, ഉത്തരേന്ത്യയിൽ തേയില ഉത്പാദനം കുറഞ്ഞതും കേരള വിപണിയിൽ നേട്ടമായി.

വരും മാസങ്ങളിലും ഉത്പാദനം കുറയാൻ സാധ്യതയുള്ളതിനാൽ ഉത്തരേന്ത്യൻ വ്യാപാരികൾ കേരള വിപണിയിൽനിന്ന് വൻതോതിൽ തേയില സംഭരണം ആരംഭിച്ചിട്ടുണ്ട്. അതിനാൽ വരും ആഴ്ചയിലും വില ഉയരുമെന്നാണ് വിലയിരുത്തുന്നത്.

അതേസമയം, ആവശ്യം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ തേയില വിപണിയിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് വ്യാപാരികൾക്ക്. വേനൽച്ചൂടിൽ മേഖലയിൽ വ്യാപകമായി നാശം സംഭവിച്ചിരുന്നു. ഇടയ്ക്കുള്ള മഴ ആശ്വാസമാണെങ്കിലും മഴ കനത്താൽ വീണ്ടും ഉത്പാദനം പ്രതിസന്ധിയിലാകും. ഉയർന്ന ഉത്പാദനച്ചെലവും മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Tea plantation
Advertisment