ഗോപി സുന്ദർ, വിജയ് ദേവരകൊണ്ട, ഗായകൻ സിദ് ശ്രീറാം, സംവിധായകൻ പരശുറാം എന്നീ പേരുകൾ കേൾക്കുമ്പോൾ ഏതൊരു സംഗീതാസ്വാദകരുടേയും മനസിലേക്ക് വരുന്ന ചിത്രമാണ് ഗീതാ ഗോവിന്ദവും അതിലെ ഇങ്കേം ഇങ്കേം എന്ന ഗാനവും. ആറുവർഷത്തെ ഇടവേളയ്ക്കുശേഷം ഈ നാൽവർസംഘം വീണ്ടും ഒന്നിക്കുകയാണ്. ദ ഫാമിലി സ്റ്റാർ എന്ന ചിത്രത്തിലൂടെ. ചിത്രത്തിലെ പുതിയ ഗാനം ഇപ്പോൾ ശ്രദ്ധയാകർഷിക്കുകയാണ്.
ദ ഫാമിലി സ്റ്റാറിലെ നന്ദനന്ദനാ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. അനന്ത ശ്രീറാമാണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. ഗോപി സുന്ദർ ഈണമിട്ട ഗാനം സിദ് ശ്രീറാം ആലപിച്ചിരിക്കുന്നു. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗാനരംഗത്തിലെ വിജയ് ദേവരകൊണ്ടയുടെ നൃത്തച്ചുവടുകളും കയ്യടി നേടിക്കഴിഞ്ഞു.
2022-ൽ പുറത്തിറങ്ങിയ സർക്കാരുവാരി പാട്ടാ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനംചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. ഇത് രണ്ടാംതവണയാണ് പരശുറാമും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നത്. മൃണാൾ താക്കൂറാണ് ഫാമിലി സ്റ്റാറിലെ നായിക. ഏപ്രിൽ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.