തിയേറ്റർ റിലീസ് ചെയ്ത് മാസങ്ങൾക്ക് ശേഷം വിവാദ ചിത്രം 'ദി കേരള സ്റ്റോറി' ഒ.ടി.ടിയിലേയ്ക്ക്. ചിത്രത്തിൻ്റെ ഒ.ടി.ടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഫെബ്രുവരി 16-ന് സീ5 ലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
ബോക്‌സ് ഓഫീസിലെ വിജയത്തിന് ശേഷം 'ദി കേരള സ്റ്റോറി' എപ്പോൾ ഒടിടിയിൽ വരുമെന്ന് ചോദിച്ച് ആയിരക്കണക്കിന് മെയിലുകൾ ലഭിച്ചുവെന്നും ഇപ്പോള്‍ കാത്തിരിപ്പ് അവസാനിക്കുകയാണെന്നും ചിത്രത്തിൻ്റെ സംവിധായകൻ പറഞ്ഞു.ഏറെ വിവാദം സൃഷ്ടിച്ച 'ദി കേരള സ്റ്റോറി' വാങ്ങാൻ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ തയ്യാറാകുന്നില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തിന് ഇതുവരെ മികച്ച കരാർ ലഭിക്കാത്തതിനാലാണ് ഒ.ടി.ടി റിലീസ് വെെകുന്നതെന്ന് സംവിധായകൻ സുദീപ്തോ സെൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.
'ദി കേരള സ്റ്റോറി'യുടെ ബോക്സ് ഓഫീസ് വിജയം സിനിമ രംഗത്തെ പല വിഭാഗങ്ങളെയും അലോസരപ്പെടുത്തിയെന്നും തങ്ങളെ ഒരു പാഠം പഠിപ്പിക്കാന്‍ സിനിമ രംഗത്തെ ഒരു വിഭാഗം ഒന്നിച്ചതായി സംശയിക്കുന്നുവെന്നും സംവിധായകൻ പറഞ്ഞിരുന്നു. രാഷ്ട്രീയ വിവാദങ്ങൾക്ക് താല്‍പ്പര്യമില്ലെന്നാണ് ഒ.ടി.ടി പ്ലാറ്റഫോമുകൾ പറയുന്നതെന്നും സുദീപ്തോ സെൻ അറിയിച്ചു.'ദി കേരള സ്റ്റോറി' ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്ന ആരോപണങ്ങൾ ഒ.ടി.ടി പ്ലാറ്റഫോമുകളെ പിന്തിരിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചത്.
സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ദി കേരള സ്റ്റോറി'യുടെ ട്രെയിലര്‍ റിലീസ് ചെയ്തത് മുതല്‍ വ്യാപക പ്രതിഷേധം ആരംഭിച്ചിരുന്നു. ആദാ ശര്‍മയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. മെയ് അഞ്ചിന് തിയേറ്ററുകളിലെത്തിയ 'ദി കേരള സ്റ്റോറി' വിമർശനങ്ങൾക്കിടയിലും ബോക്സോഫീസിൽ മികച്ച വിജയം സ്വന്തമാക്കിയിരുന്നു.