![kjhgfytuiop[]](https://img-cdn.publive.online/fit-in/1280x960/filters:format(webp)/sathyam/media/media_files/2024/10/27/R4i7gw8odZsBHCrlKAil.jpg)
ചാരുംമൂട് ∙ കൊല്ലം–തേനി ദേശീയപാത (എൻഎച്ച് 183) നാലുവരിയാക്കും.ആദ്യ ഘട്ടം സ്ഥലമെടുപ്പിനായി 500 കോടി രൂപ അനുവദിച്ചതായും അറിയിച്ചു. നാലുവരിപ്പാതയുടെ വീതി 24 മീറ്ററായിരിക്കും. കൊല്ലം ഹൈസ്കൂൾ ജംക്‌ഷനിലാണു പാതയുടെ തുടക്കം.രണ്ടുവരിയെന്നാണു നേരത്തെ നിശ്ചയിച്ചത്. മൊത്തം ചെലവ് 2,000 കോടി രൂപയാകും. പുതിയ പാതയിൽ കുറഞ്ഞ വേഗം 80 കിലോമീറ്ററായി നിലനിർത്തേണ്ടതിനാൽ 24 മീറ്റർ വീതി റോഡിന് അനിവാര്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാർ മാനദണ്ഡ പ്രകാരം 30 മീറ്റർ വീതിയിലാണ് റോഡ് നവീകരിക്കേണ്ടതെങ്കിലും കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 24 മീറ്ററിൽ നാലുവരിപ്പാത നിർമിക്കുമെന്നാണു കേന്ദ്ര നിലപാട്. ഡിവൈഡർ ഉൾപ്പെടെയാണിത്. കൊല്ലത്തെ യോഗത്തിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷം യോജിച്ചെങ്കിലും വിശദമായ പഠനം നടത്തിയ ശേഷം അന്തിമ തീരുമാനമെടുത്താൽ മതിയെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി നിർദേശിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുക്കണമെന്നും മതിയായ പുനരധിവാസ പദ്ധതി തയാറാക്കണമെന്നും പറഞ്ഞു.കൂടുതൽ ചർച്ചകൾ നവംബർ 22നു ചേരുന്ന യോഗത്തിൽ നടക്കും. ഇതിൽ അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. യോഗത്തിനു ശേഷം ഭൂമി ഏറ്റെടുക്കലിന്റെ നടപടികൾ ഭൂരാശി പോർട്ടലിൽ പ്രസിദ്ധീകരിക്കും. തുടർന്നു സംയുക്ത സ്ഥലപരിശോധനയും സർവേ നമ്പർ പരിശോധനയും നടക്കും.