/sathyam/media/media_files/G6fKIvmVddLPhpIX4x5c.jpeg)
തെന്മല : തെന്മല ഇക്കോ ടൂറിസം പദ്ധതി കാലോചിതമായി പരിഷ്കരിച്ചു നവീകരിക്കാനൊരുങ്ങി ടൂറിസം വകുപ്പ്. തെന്മല അണക്കെട്ട് കവലയിൽ ഇക്കോ ടൂറിസം മുഖ്യ ഒാഫിസിനു സമീപം 2 പതിറ്റാണ്ടു മുൻപു സ്ഥാപിച്ച ജലധാരനൃത്തം (മ്യൂസിക്കൽ ഫൗണ്ടൻ) 50 ലക്ഷം രൂപ മുടക്കിയുള്ള നവീകരണം അവസാന ഘട്ടത്തിലാണ്.2023ൽ സർക്കാർ അംഗീകാരം ലഭിച്ച 3 കോടി രൂപയുടെ പദ്ധതി 6 മാസത്തിനകം പൂർത്തിയാക്കി ഇക്കോ ടൂറിസം മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തി നവീകരിക്കാനാണു ലക്ഷ്യം.
ലേസർ ഷോ, വിഡിയോ ഷോ, വാട്ടർ കർട്ടൻ എന്നിവയൊരുക്കിയാണു മ്യൂസിക്കൽ ഫൗണ്ടന്റെ നവീകരണം. സന്ദർശക ഗാലറികളും ആകർഷകമായി പുതുക്കിപ്പണിതു. കൾച്ചറൽ സോണിൽ ഉൾപ്പെട്ട മേഖലയിലെ ആകെ നവീകരണത്തിനു 1.80 കോടി രൂപയാണു ചെലവഴിക്കുക. അഡ്വഞ്ചർ, ലീഷർ എന്നിവയാണു മറ്റു ടൂറിസം സോണുകൾ. നാശോന്മുഖമായി കിടക്കുന്ന ഡോർമിറ്ററികളും ടെന്റുകളും നവീകരിക്കാനും സഞ്ചാരികളുടെ താമസ സൗകര്യത്തിനു ദേശീയനിലവാരത്തിലുള്ള കെട്ടിടങ്ങളും ശീതീകരിച്ച 5 കെട്ടിടങ്ങളും നിർമിക്കാനും 21 ലക്ഷം രൂപ മുടക്കും.
7 ഡി തിയറ്റർ സ്ഥാപിക്കാൻ 20 ലക്ഷം രൂപയും ചെലവഴിക്കുന്നുണ്ട്. പ്രധാന ടൂറിസം ആകർഷണമായി ഗ്ലാസ് ഡോം സ്ഥാപിക്കാനും ആലോചനയുണ്ട്. നശിച്ച നിലയിലായ ഉയരത്തിലൂടെയുള്ള നടപ്പാത (എലിവേറ്റഡ് വാക് വേ) നവീകരണത്തിന് 75 ലക്ഷം രൂപയാണു ചെലവഴിക്കുക. പരപ്പാർ അണക്കെട്ടിന്റെ ടൂറിസം സാധ്യത പരമാവധി മുതലെടുക്കാനുള്ള പദ്ധതികളും ലക്ഷ്യമിടുന്നു. ഇപ്പോൾ അണക്കെട്ടിന്റെ പള്ളംവെട്ടി തടാകത്തിൽ ബോട്ട് സവാരി, കുട്ടവഞ്ചി സവാരി എന്നിവയുണ്ട്. കോവിഡ് കാലത്തിനു ശേഷം തകർന്ന നിലയിലായ ഇക്കോ ടൂറിസം പദ്ധതി കേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികൾ വിരസതയോടെയായിരുന്നു മടങ്ങിയിരുന്നത്.
പുതിയ ഉല്ലാസ കേന്ദ്രങ്ങൾ ഒന്നും ഇല്ലാത്തതായിരുന്നു സഞ്ചാരികളുടെ മനം മടുപ്പിച്ചത്. ഇതിനൊക്കെ പരിഹാരമാകുന്ന പദ്ധതികളാണു നവീകരണത്തിൽ. 2001 ജനുവരി 31ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർ ആണ് ഇക്കോ ടൂറിസം പദ്ധതി നാടിനു സമർപ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us