/sathyam/media/media_files/7Zkmm0TI3A3Y3nfWAZ3k.jpg)
വെഞ്ഞാറമൂട്∙ വാമനപുരം നദിയുടെ സംരക്ഷണത്തിനായി പ്രഖ്യാപിച്ച പുനരുജ്ജീവന പദ്ധതി പ്രഖ്യാപനത്തിൽ ഒതുങ്ങി. വാമനപുരം നദിയിൽ വിവിധ ഭാഗങ്ങളിൽ നീരൊഴുക്ക് നിലയ്ക്കുന്നു. പാങ്ങോട്, കല്ലറ, പുല്ലമ്പാറ, പനവൂർ പഞ്ചായത്തുകളിലെ വിവിധ ശുദ്ധജലപദ്ധതികൾ ഇതോടെ പ്രതിസന്ധിയിലായി. വേനൽ കടുത്തതോടെ പതിവിലും മുന്നേ വാമനപുരം നദിയിൽ വൻതോതിൽ നീരൊഴുക്ക് താഴ്ന്നു.
നീരൊഴുക്ക് തടസ്സപ്പെടുന്നതോടെ വിവിധ പഞ്ചായത്തുകളിലെ 7 കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലാകും. വാമനപുരം. നെടുമങ്ങാട് ബ്ലോക്ക് പരിധിയിലാണ് വാമനപുരം നദിയെ ആശ്രയിച്ച് കൂടുതൽ പൈപ്പ് കണക്‌ഷൻ നൽകിയിട്ടുള്ളത്. നദിയിലെ കുടിവെള്ള പദ്ധതികളിലേക്കുള്ള ജലവിതരണം മുടങ്ങുന്നതും കാർഷിക മേഖലയെ ബാധിക്കുന്നതും സംബന്ധിച്ച് വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് നടത്തിയ പഠനത്തിനു ശേഷമാണ് വാമനപുരം നദി പുനഃരുജ്ജീവന പദ്ധതിയുടെ പ്രഖ്യാപനം ഉണ്ടാകുന്നത്.
6 ചെക്ക് ഡാമുകൾ (25.5 കോടി രൂപ), നദിയിലെ മണ്ണ് നീക്കൽ (4.78 കോടി രൂപ), 39 സ്ഥലങ്ങളിൽ നദിയുടെ വശങ്ങൾ ബലപ്പെടുത്തൽ (23 കോടി), 50 കുളിക്കടവുകൾ നിർമിക്കൽ 12.55കോടി), 247 തോടുകളുടെ നവീകരണം (57.28 കോടി), 120 കുളങ്ങളുടെ നവീകരണം (21.58 കോടി), 31 തടയണ നിർമിക്കൽ(3.70 കോടി), 7 കടവുകൾ നിർമാണം (6 കോടി), നടപ്പാത നിർമാണം (23.79 കോടി), 5 സ്ഥലങ്ങളിൽ പാർക്കുകൾ നിർമിക്കൽ (25 കോടി), പവലിയൻ നിർമാണം (18.63 കോടി), ഹൈഡൽ ടൂറിസം (5.54 കോടി), ടൂറിസം ഫെസിലിറ്റേഷൻ സെന്റർ (20 കോടി), തുടങ്ങിയവ ഉൾപ്പെടുത്തിയാണ് പദ്ധതി തയാറാക്കിയത്. എന്നാൽ ഇതു സംബന്ധിച്ച് പദ്ധതി പ്രഖ്യാപനം വന്ന് ഒന്നര വർഷം കഴിഞ്ഞെങ്കിലും അധികൃതർ നടപടി സ്വീകരിക്കാൻ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.