തിരുവനന്തപുരം: മോൺസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ജി ലക്ഷ്മൺ ഇന്നും ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സ തുടരുന്ന സാഹചര്യത്തിൽ ഹാജരാകാൻ കഴിയില്ല എന്ന് ക്രൈം ബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു. രാവിലെ 11 മണിയ്ക്ക് കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദേശം നൽകിയിരുന്നത്.
കേസിലെ നാലാം പ്രതിയായ മുൻ ഐജി എസ് സുരേന്ദ്രൻ അറസ്റ്റിലായതിനു പിന്നാലെ ഐജി ലക്ഷ്മണിന് കഴിഞ്ഞ മാസം 31 ന് ഹാജരാകാൻ നിർദേശം നൽകിയിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് അന്ന് ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു. കേസിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഐ ജി ലക്ഷ്മൺ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢസംഘം പ്രവർത്തിക്കുന്നു എന്നായിരുന്നു ആരോപണം.