തിരുവനന്തപുരം∙ എറണാകുളം–ഷൊർണൂർ മൂന്നാം പാതയ്ക്കു പുറമേ തൃശൂർ–തിരുനാവായ ഇരട്ടപ്പാതയുടെ സാധ്യത തേടി റെയിൽവേ.ഗുരുവായൂർ–തിരുനാവായ പാതയുടെ അന്തിമ ലൊക്കേഷൻ സർവേ പുരോഗമിക്കുകയാണ്. അതിൽ തൃശൂർ–ഗുരുവായൂർ രണ്ടാം പാത കൂടി ഉൾപ്പെടുത്താനാണ് ആലോചന.
ഇതിനായി ഇപ്പോഴുള്ള തൃശൂർ–ഗുരുവായൂർ ഒറ്റവരിപ്പാത ഇരട്ടിപ്പിക്കുകയും ഗുരുവായൂർ–തിരുനാവായ പുതിയ ഇരട്ടപ്പാത നിർമിക്കുകയും വേണം. മലബാറിലേക്കുള്ള ദൂരം കുറയ്ക്കാൻ പാത സഹായിക്കും. 2018 ൽ പ്രഖ്യാപിച്ച എറണാകുളം–ഷൊർണൂർ മൂന്നാം പാതയുടെ സർവേയിൽ ഭാവിയിൽ നാലാം പാതയ്ക്ക് ആവശ്യമായ ഭൂമിയുടെ വിസ്തൃതി കൂടി കണക്കാക്കുന്നുണ്ട്.
പാലങ്ങളുടെ ഡിസൈനും ഇരട്ടപ്പാതയ്ക്ക് ആവശ്യമായ രീതിയിലാകും. മൂന്നും നാലും പാതയുടെ പദ്ധതികളുമായി ബന്ധപ്പെട്ട് ഒന്നിലധികം സർവേകളാണു ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത്. ഇവയുടെ വിശദമായ പഠന റിപ്പോർട്ടുകൾ (ഡിപിആർ) ലഭിക്കുന്ന മുറയ്ക്കു റെയിൽവേ ബോർഡിന് കൈമാറും. റിപ്പോർട്ട് സമർപ്പിച്ചാൽ അനുമതിക്കായി ഒരു വർഷമാണു കുറഞ്ഞതു വേണ്ടി വരിക.