കുട്ടനാട് ∙ പണ്ടാരക്കളം മേൽപാലത്തിനു സമീപത്തെ വൈദ്യുത ലൈൻ ഉയർത്തുന്നതിന്റെ ഭാഗമായി പുതിയ ടവർ നിർമിക്കുന്ന ജോലി തുടങ്ങി. ടവറിനായുള്ള പൈലിങ് നടത്തുന്നതിന് ഉപകരണങ്ങൾ നിർമാണ സ്ഥലത്ത് എത്തിച്ചു. ടവറിന്റെ അടിത്തറയ്ക്കായി 8 പൈലിങ് ആണു നിർമിക്കേണ്ടത്. 52 മീറ്ററോളം ആഴത്തിലാണു പൈലിങ് നടത്തുന്നത്. പൈലിങ് പൂർത്തിയാക്കാൻ ഒരു മാസത്തിലധികം വേണ്ടി വരുമെന്നാണു കണക്കാക്കുന്നത്. പൈലിങ്ങിനായി ഒരു യൂണിറ്റ് യന്ത്രമാണ് എത്തിച്ചിരിക്കുന്നത്. പൈലിങ് യൂണിറ്റിലെ മോട്ടറിന്റെ സ്റ്റാർട്ടർ തകരാറിലായതിനാൽ ഇന്നലെ പൈലിങ് നടത്താൻ സാധിച്ചില്ല.
ഇന്നലെ തന്നെ പുതിയ സ്റ്റാർട്ടർ കൊണ്ടുവന്നു തകരാർ പരിഹരിച്ചു. ഇന്നു പൈലിങ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. മേൽപാലത്തിന്റെ എസ്റ്റിമേറ്റിൽ മാറ്റം വരുത്തേണ്ടി വന്നതാണ് വൈദ്യുത ലൈൻ തടസ്സമാകാൻ കാരണമായത്. സമീപത്തെ പാടശേഖരങ്ങളിലെ നെല്ല് സംഭരണം അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണു മേൽപാലത്തിന്റെ ഉയരം വർധിപ്പിക്കേണ്ടി വന്നത്. ഇതോടെ പാലത്തിനു കുറുകെ കടന്നു പോകുന്ന 110 കെവി ഇലക്ട്രിക് ലൈൻ ഗതാഗതത്തിനു തടസ്സമായി. നിലവിൽ പാലത്തിൽ നിന്നു 4 മീറ്റർ ഉയരമാണു ലൈനിനുള്ളത്. ഇത് ആറര മീറ്ററെങ്കിലും ഉണ്ടെങ്കിലേ അപകടം കൂടാതെ ഗതാഗതം സാധ്യമാവൂ.
വൈദ്യുത ലൈൻ അഴിച്ചു മാറ്റാതെ 110 കെവി ലൈനിലെ വൈദ്യുത ബന്ധം വിഛേദിച്ച ശേഷമാണു നിർമാണം തുടങ്ങിയത്. ആലപ്പുഴ, കോട്ടയം ജില്ലകളിലേക്കു വൈദ്യുതി എത്തിക്കുന്ന ഇരട്ട സർക്യൂട്ട് ലൈനാണിത്. മഴക്കാലമായതിനാൽ വൈദ്യുത വിതരണത്തിൽ അടിയന്തര തടസ്സമുണ്ടായാൽ ടവറിന്റെ നിർമാണം നിർത്തി വച്ച് നിലവിലുള്ള ലൈനിൽ വൈദ്യുതി കടത്തിവിട്ട് വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമെന്നതിനാലാണു ലൈൻ അഴിച്ചു മാറ്റാതെ നിർമാണം നടത്തുന്നത്.