പുതിയ നിർമാണ പ്ലാൻ്റ് സ്ഥാപിക്കുമെന്ന് പ്രമുഖ ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ. സംസ്ഥാന സർക്കാരിൻ്റെ വ്യവസായ വകുപ്പും ടൊയോട്ട കിർലോസ്‍കർ മോട്ടോറും തമ്മിൽ ഛത്രപതി സംഭാജിനഗറിലെ ഔറിക് സിറ്റിയിൽ ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളുടെ നിർമ്മാണത്തിനുള്ള ധാരണാപത്രം ഒപ്പുവച്ചു.
ഇലക്ട്രിക്, ഹൈബ്രിഡ് കാറുകൾ ഇവിടെ നിർമിക്കും. ഇതിനായി ഏകദേശം 20,000 കോടി രൂപ നിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. അതേസമയം, ഛത്രപതി സംഭാജിനഗറിലെ ടൊയോട്ട കിർലോസ്‌കറിൻ്റെ പദ്ധതി മറാത്ത്‌വാഡയ്ക്ക് മാത്രമല്ല, സംസ്ഥാനത്തും ഇന്ത്യയിലുടനീളമുള്ള ഓട്ടോമോട്ടീവ് നിർമ്മാണ വ്യവസായത്തിൽ വിപ്ലവം സൃഷ്‍ടിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു.
കമ്പനിക്ക് ഇതിനകം ബെംഗളൂരുവിനടുത്തുള്ള ബിദാദിയിൽ രണ്ട് പ്ലാൻ്റുകളുണ്ട്. ഈ പ്ലാൻ്റുകളിൽ കമ്പനി ടൊയോട്ട ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ, ഹൈറൈഡർ തുടങ്ങിയ പ്രശസ്ത കാറുകളുടെ മോഡലുകൾ നിർമ്മിക്കുന്നു. കർണാടകയിൽ മാത്രം ടൊയോട്ട, അസോസിയേറ്റ് കമ്പനികൾ ഉൾപ്പെടെ 16,000 കോടിയിലധികം രൂപ നിക്ഷേപിക്കുകയും ഏകദേശം 86,000 പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുകയും ചെയ്തിട്ടുണ്ട്.
ടൊയോട്ട കിർലോസ്‌കർ മോട്ടോർ കമ്പനിയുടെ 20,000 കോടി രൂപയുടെ നിക്ഷേപം മഹാരാഷ്ട്രയെ ഓട്ടോമൊബൈൽ മേഖലയിൽ ഒരു ചുവടുവെയ്‌ക്കും. ഈ നിക്ഷേപം 8,000 നേരിട്ടും 12,000 പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഈ പ്രോജക്റ്റിൽ നിന്ന് പ്രതിവർഷം നാലുലക്ഷം കാറുകൾ ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൊയോട്ട പ്രവർത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ.