കൊച്ചി: മംഗലപ്പുഴ പാലത്തിന്റെ അറ്റകുറ്റപ്പണികളെ തുടർന്ന് ആലുവ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം. നാളെ മുതൽ 20 ദിവസത്തേക്കാണ് നിയന്ത്രണം. എറണാകുളം ഭാഗത്തേക്കുള്ള ഭാരവാഹനങ്ങൾ രാവിലെ മുതൽ അങ്കമാലി സിഗ്നൽ ജംഗ്ഷനിൽ നിന്ന് എംസി റോഡിൽ പ്രവേശിച്ച് കാലടി വഴി തിരിഞ്ഞ് ആലുവ ഭാഗത്തേക്ക് പോകണം.
അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത് ഒരു വരി ഗതാഗതം മാത്രമേ അനുവദിക്കൂ. സെമിനാരിപ്പടി യുടേൺ പൂർണമായും അടയ്ക്കും. ഇവിടെ തിരിയേണ്ട വാഹനങ്ങൾ പറവൂർക്കവല സിഗ്നലിൽ നിന്നും തിരിഞ്ഞുപോകണമെന്നും അധികൃതർ അറയിച്ചു.
20 ദിവസത്തിനകം ജോലികൾ പൂർത്തീകരിക്കാനാണ് ഇന്നലെ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. 64 വർഷം പഴക്കമുള്ള മംഗലപ്പുഴ പാലം ആദ്യമായിട്ടാണ് ഇത്തരത്തിൽ ബലപ്പെടുത്തുന്നത്.
രാവിലെയും വൈകിട്ടും പാലത്തിൽ കൂടുതൽ പൊലീസുകാരുടെ സേവനം ഉറപ്പാക്കും. പൊലീസ് സേനയുടെ അംഗബലക്കുറവ് പരിഗണിച്ച് കരാറുകാർ സ്വകാര്യ സെക്യൂരിറ്റിയുടെ സഹായം തേടും. മഴക്കാലം ആരംഭിച്ചാൽ കൂടുതൽ പ്രതിസന്ധിയിലാകുമെന്നതിനാലാണ് വെള്ളിയാഴ്ച്ച മുതൽ അറ്റകുറ്റപ്പണിക്ക് തീരുമാനമായത്.