/sathyam/media/media_files/nb1Dw0hJGOiYy09P10ml.jpg)
ചെന്നൈ ∙ നഗരത്തിലെ എംആർടിഎസ് ട്രെയിൻ ഗതാഗതം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ). നഗരത്തിന്റെ മറ്റു ഭാഗങ്ങളെ ഐടി മേഖലയുമായി ബന്ധിപ്പിക്കുന്ന ബീച്ച്– വേളാച്ചേരി എംആർടിഎസ് സർവീസാണു സിഎംആർഎൽ ഏറ്റെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഐഐടി മദ്രാസിന്റെ നേതൃത്വത്തിൽ പ്രത്യേക പഠനം നടത്തും. എംആർടിഎസ് സ്റ്റേഷനുകളിൽ മെട്രോയ്ക്കു സമാനമായ സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ടാണു പഠനം.
നഗരത്തിലെ പൊതുഗതാഗത സംവിധാനത്തിൽ പ്രാധാന്യമുണ്ടെങ്കിലും നഷ്ടത്തിലാണ് എംആർടിഎസ് ട്രെയിനുകൾ ഓടിക്കൊണ്ടിരിക്കുന്നത്. വേളാച്ചേരി, പെരുങ്കുടി തുടങ്ങിയ തെക്കൻ മേഖലയെയും ഐടി മേഖലയെയും നഗരത്തിന്റെ ഹൃദയഭാഗവുമായി അടുപ്പിക്കുന്നതിൽ വലിയ പങ്കാണ് എംആർടിഎസ് വഹിക്കുന്നത്. അതുകൊണ്ടു തന്നെ മികച്ച സൗകര്യങ്ങളോടെ എംആർടിഎസിനെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണു സിഎംആർഎൽ ഇവ ഏറ്റെടുക്കാൻ തീരുമാനിച്ചത്. ദക്ഷിണ റെയിൽവേയുടെ ഭാഗമായ എംആർടിഎസിനെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത ശേഷം സിഎംആർഎലിനു കൈമാറാനാണു പദ്ധതി.
എംആർടിഎസ് സ്റ്റേഷനുകളുടെ വാണിജ്യ വികസനവും യാത്രക്കാർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുകയുമാണു പ്രധാന ലക്ഷ്യം. മൈലാപ്പൂർ, ട്രിപ്ലിക്കേൻ സ്റ്റേഷനുകളിലാണു പഠനം നടത്തുക. സബേർബൻ സ്റ്റേഷനുകളിൽ നിന്നു വ്യത്യസ്തമായി എംആർടിഎസ് സ്റ്റേഷനുകളിൽ സ്ഥലലഭ്യത കൂടുതലായതിനാൽ ഇതെങ്ങനെ ഉപയോഗപ്പെടുത്താമെന്നും പഠനം നടത്തും.
ഓട്ടമാറ്റിക് ഫെയർ കലക്‌ഷൻ ഗേറ്റുകൾ, പാർക്കിങ്, സിസിടിവി ക്യാമറ സംവിധാനം എന്നിവയടക്കം നിലവിലുള്ള മെട്രോ നിലവാരത്തിലേക്ക് എംആർടിഎസിനെ മാറ്റുന്നത് സംബന്ധിച്ചും പഠനം നടത്തും. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റു സ്റ്റേഷനുകളിലും മാറ്റം വരുത്തുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് തയാറാക്കുന്നതിനായി കരാർ ക്ഷണിക്കുമെന്നു സിഎംആർഎൽ വൃത്തങ്ങൾ പറഞ്ഞു. യാത്രക്കാരുടെ എണ്ണം, രണ്ടാം ഘട്ടവുമായി ബന്ധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കുമെന്നും അധികൃതർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us