മറയൂർ∙ പുലിക്കരവയൽ, പള്ളനാട് ഭാഗത്ത് അപകടങ്ങൾ തുടർക്കഥയാകുന്നു. പള്ളനാട് സ്കൂളിനു സമീപം ഇരുവശങ്ങളിലും ടാറിങ് ചെയ്ത റോഡിനോട് ചേർന്നാണ് 2 വൻമരങ്ങൾ നിൽക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ഈ മരങ്ങൾ വെട്ടാൻ നടപടി സ്വീകരിക്കുന്നില്ല.
റോഡിനു വീതിയുണ്ടെങ്കിലും വശങ്ങളിൽ തിട്ടയും മരങ്ങളുമുള്ളത് യാത്രയ്ക്ക് തടസ്സമാകുകയാണ്. കൂടാതെ കഴിഞ്ഞദിവസം ഇവിടെ കാറും ടെംപോ ട്രാവലറും കൂട്ടിയിടിച്ച് അപകടമുണ്ടായി. വിനോദസഞ്ചാരികളുടെ വാഹനങ്ങൾ എത്തുമ്പോൾ ദിവസവും ഭീതിയോടെയാണ് സ്കൂൾ കുട്ടികൾ പുറത്തിറങ്ങുന്നത്.
പ്രദേശവാസികൾ ഉൾപ്പെടെയുള്ളവർ പരാതി അറിയിക്കുന്നുണ്ടെങ്കിലും അപകട വളവിൽ സൈൻ ബോർഡ് വയ്ക്കാത്തതിലും മരങ്ങൾ മുറിച്ചു മാറ്റാനുള്ള നടപടി സ്വീകരിക്കാത്തതിലും നാട്ടുകാർ പ്രതിഷേധത്തിലാണ്.