Advertisment

അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് കേരളത്തിൽ നിന്ന് 24 സ്പെഷ്യൽ ട്രെയിൻ ഏർപ്പെടുത്തിയുള്ള തീർത്ഥാടന സൗകര്യമൊരുക്കൽ തിരഞ്ഞെടുപ്പിൽ വോട്ടാവുമെന്ന് പ്രതീക്ഷിച്ച് ബി.ജെ.പി. അയോദ്ധ്യയിലേക്കും തിരിച്ചുമുള്ള യാത്രയും താമസവും ഭക്ഷണവും രാമക്ഷേത്ര ദ‌ർശനവും  3300 രൂപയ്ക്ക് സജ്ജമാക്കും. കർശന സുരക്ഷയിൽ സർവീസ് നടത്തുന്നത് സ്വകാര്യ ട്രെയിനുകൾ.

New Update
ayodhya trainv.jpg

തിരുവനന്തപുരം: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് കേരളത്തിൽ നിന്ന് 24 ട്രെയിൻ സർവീസുകൾ ആരംഭിച്ചതിലൂടെ അതും പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാനൊരുങ്ങുകയാണ് ബി.ജെ.പി. സംസ്ഥാന ബി.ജെ.പിയുടെ ഇടപെടലിന്റെ ഭാഗമായാണ് കേരളത്തിൽ നിന്ന് 24 സ്പെഷ്യൽ ട്രെയിനുകൾ അയോദ്ധ്യയിലേക്ക് സർവീസ് നടത്തുന്നത്.

Advertisment

താമസം, ഭക്ഷണം, ദർശനം അടക്കമുള്ള സൗകര്യങ്ങൾ യാത്രാടിക്കറ്റിനൊപ്പം ലഭിക്കും. അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന സൗകര്യമൊരുക്കിയതും തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.

കൊച്ചുവേളിയിൽ നിന്ന് ഇന്നലെയാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള  സ്പെഷ്യൽ സർവ്വീസുകൾ തുടങ്ങിയത്.  മുൻ റെയിൽവേ മന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ ഒ.രാജഗോപാലാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യാൻ ബി.ജെ.പി നേതാവിനെ നിയോഗിച്ചതിൽ വിമർശനമുയർന്നെങ്കിലും ബി.ജെ.പി അതെല്ലാം തള്ളുകയാണ്.

അയോദ്ധ്യയിലേക്കുള്ള ട്രെയിനുകൾ സ്പെഷ്യൽ ട്രെയിനുകളാണ്. ഇവ സ്വകാര്യ ട്രെയിൻ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് സർവ്വീസ് നടത്തുക.  അതുകൊണ്ട് തന്നെ റെയിൽവേയുടെ  ഔദ്യോഗിക സംവിധാനങ്ങളൊന്നും ഈ ട്രെയിനുകളിൽ ഉണ്ടാവില്ല. ഒരു സ്വകാര്യ ട്രസ്റ്റാണ് ട്രെയിൻ സർവ്വീസ് നടത്തുന്നത്. റെയിൽവേ ഉദ്യോഗസ്ഥർക്കും ട്രാക്ക് ഉപയോഗിക്കുന്നതിനും ട്രെയിൻ ബോഗി ഉപയോഗിക്കുന്നതിനും നിശ്ചിത ഫീസ് ഈ ഏജൻസി നൽകണം. കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്ക് നേരിട്ട് ട്രെയിനുണ്ടായിരുന്നില്ല. ഗോരഖ്പൂർ വരെ ട്രെയിനിൽ പോയി അവിടെ നിന്ന് കണക്ഷൻ ട്രെയിനോ,അല്ലെങ്കിൽ റോഡ് മാർഗ്ഗമോ മാത്രമേ യാത്ര സാദ്ധ്യമായിരുന്നുള്ളൂ. അതിനാലാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിച്ചത്.

കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് 3300 രൂപയാണ് നിരക്ക്. ടിക്കറ്റ് നിരക്ക്, ഭക്ഷണം, താമസം, ദർശനം എന്നിവയ്ക്കുള്ള സൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. രാമക്ഷേത്ര ദർശനത്തിനുള്ള സംവിധാനങ്ങളും ഇവർ സജ്ജമാക്കും

. 20 സ്ളീപ്പർ കോച്ചുകളിലായി 972 പേരാണ് ആദ്യ സർവീസിലുണ്ടായിരുന്നത്. 12ന് പുലർച്ചെ രണ്ട് മണിക്ക് ട്രെയിൻ അയോദ്ധ്യയിലെത്തും. 13ന് പുലർച്ചെ 12.20ന് അയോദ്ധ്യയിൽ നിന്ന് തിരിക്കും. 15ന് രാത്രി 10.45 ന് കൊച്ചുവേളിയിൽ തിരിച്ചെത്തും. ആധാർ നമ്പരും രജിസ്റ്റർ നമ്പറും ഉൾപ്പെടുന്ന പ്രത്യേക ഐഡി കാർഡ് ഓരോ യാത്രക്കാർക്കും നൽകും.

Advertisment