Advertisment

സംസ്ഥാനത്തെ ഐടി മേഖലയുമായി സഹകരിക്കാന്‍ യുകെ

സംസ്ഥാനത്തെ ബിസിനസ്സ് ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്തുന്ന ക്ലീന്‍ കേരള, സേഫ് കേരള, ഡിജിറ്റല്‍ കേരള എന്നിവ ഉറപ്പാക്കുന്നതില്‍ വളരെ പുരോഗമനപരമായ കാഴ്ചപ്പാടുള്ള സംസ്ഥാനമാണ് കേരളം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

New Update
rtyuiuytrety

തിരുവനന്തപുരം: കേരളത്തിലെ ഐടി ആവാസവ്യവസ്ഥയുമായി സഹകരിച്ച് നൂതന സാങ്കേതികവിദ്യാ സംരംഭങ്ങള്‍ക്കുള്ള സാധ്യതകള്‍ കണ്ടെത്താനും ടെക് മേഖലയില്‍ ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനും യുകെ സന്നദ്ധമാണെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ ടെക് ആന്‍ഡ് ഇന്നൊവേഷന്‍ മേധാവി ജോഷ്വ ബാംഫോര്‍ഡ് പറഞ്ഞു.

Advertisment

ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) , ടൂണ്‍സ് ആനിമേഷന്‍ സിഇഒ ജയകുമാര്‍. പി എന്നിവരുമായും സംഘം ആശയവിനിമയം നടത്തി. ടെക്നോപാര്‍ക്കിന്‍റെ അടിസ്ഥാന സൗകര്യങ്ങളെ അഭിനന്ദിച്ചതിനൊപ്പം ഫലപ്രദമായ സഹകരണ സാധ്യതകളെക്കുറിച്ച് സംഘം ചര്‍ച്ച ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്കിലേക്കുള്ള സന്ദര്‍ശനം മികച്ച ഉള്‍ക്കാഴ്ച നല്കുന്നതായിരുന്നെന്ന് ബാംഫോര്‍ഡ് അഭിപ്രായപ്പെട്ടു.

ബെംഗളൂരുവിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ സീനിയര്‍ ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍ അഡ്വൈസര്‍ ക്രിസ്റ്റി തോമസ്, ടെക്നോപാര്‍ക്ക്  കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എജിഎം വസന്ത് വരദ് എന്നിവരും സന്നിഹിതരായിരുന്നു.

ടെക്നോപാര്‍ക്ക് സിഇഒയുമായി നടത്തിയ ആശയവിനിമയത്തിലൂടെ നൂതന സാങ്കേതികവിദ്യാ മേഖലയില്‍ യുകെയും കേരളവുമായുള്ള വിപുലമായ സഹകരണ സാധ്യതകള്‍ തുറന്നുകിട്ടിയെന്നും ജോഷ്വ ബാംഫോര്‍ഡ് പറഞ്ഞു. നിര്‍മ്മിത ബുദ്ധി, ടെലികോം, മറ്റ് ടെക് മേഖലകള്‍ തുടങ്ങിയവയില്‍ മുന്നേറാന്‍ സംയുക്ത സഹകരണം പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലേയും യുകെയിലേയും ടെക് ആവാസവ്യവസ്ഥകള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും സഹകരണ സംരംഭങ്ങള്‍ വളര്‍ത്തുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ് യുകെ പ്രതിനിധി സംഘത്തിന്‍റെ സന്ദര്‍ശനമെന്ന് കേണല്‍ സഞ്ജീവ് നായര്‍ (റിട്ട)പറഞ്ഞു. സംസ്ഥാനത്തെ ബിസിനസ്സ് ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്തുന്ന ക്ലീന്‍ കേരള, സേഫ് കേരള, ഡിജിറ്റല്‍ കേരള എന്നിവ ഉറപ്പാക്കുന്നതില്‍ വളരെ പുരോഗമനപരമായ കാഴ്ചപ്പാടുള്ള സംസ്ഥാനമാണ് കേരളം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടെക്നോപാര്‍ക്ക് ഫേസ് വണ്‍ കാമ്പസിലുള്ള നിള കെട്ടിടത്തിലെ ടൂണ്‍സ് മീഡിയ ഗ്രൂപ്പിന്‍റെ  2 ഡി, 3 ഡി ടൂണ്‍സ് ആനിമേഷന്‍ സെന്‍ററും സംഘം സന്ദര്‍ശിച്ചു. സിഎഫ്ഒ സുബ്ബലക്ഷ്മി വെങ്കിടാദ്രി, സിഒഒ വിജയകുമാര്‍ എന്നിവരുമായും പ്രതിനിധി സംഘം ആശയവിനിമയം നടത്തി.

Advertisment