/sathyam/media/media_files/VgfVobAQjsonqT462Fe3.jpg)
നാം എന്ത് കഴിക്കുന്നു, എങ്ങനെ കഴിക്കുന്നു, എപ്പോള്‍ കഴിക്കുന്നു എന്നതെല്ലാം നമ്മുടെ ഹൃദയാരോഗ്യത്തെ കാര്യമായി ബാധിക്കാം. ഇനി പറയുന്ന ചില അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നതാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിതമായ ഉപയോഗം ഭാരവര്‍ധനയ്ക്കും ശരീരത്തിലെ നീര്‍ക്കെട്ടിനും ഉയര്‍ന്ന കൊളസ്ട്രോള്‍ തോതിനുമെല്ലാം കാരണമാകും. ഈ ഘടകങ്ങള്‍ ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നതും ഹൃദയാഘാതം പക്ഷാഘാതം എന്നിവയിലേക്ക് നയിക്കുന്നതുമാണ്. ബ്രഡ്, ബണ്‍, ബ്രേക്ക്ഫാസ്റ്റ് സീറിയലുകള്‍, കേക്ക്, ചീസ്, ഫ്രഞ്ച് ഫ്രൈസ്, ജാം, പീനട്ട് ബട്ടര്‍ എന്നിവയെല്ലാം സംസ്കരിച്ച ഭക്ഷണങ്ങളുടെ പട്ടികയില്‍ വരുന്നവയാണ്.
സോഡ, സോഡ കലര്‍ന്ന മധുരപാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, പായ്ക്ക് ചെയ്ത ജ്യൂസുകള്‍ എന്നിവയിലെല്ലാം അമിതമായ തോതില്‍ പഞ്ചസാര കലര്‍ന്നിരിക്കുന്നു. ഇത് ഭാരവര്‍ധന, ഇന്‍സുലിന്‍ പ്രതിരോധം, ഹൃദ്രോഗത്തിന്‍റെ വര്‍ധിച്ച സാധ്യത എന്നിവയ്ക്ക് കാരണമാകും.
ഉപ്പിന്‍റെ അംശം അധികമുള്ള ഭക്ഷണവിഭവങ്ങള്‍ രക്തസമ്മര്‍ദം വര്‍ധിപ്പിച്ച് ഹൃദ്രോഗത്തിലേക്ക് നയിക്കാം. ഫാസ്റ്റ് ഫുഡുകളിലും സംസ്കരിച്ച ഭക്ഷണത്തിലും ഉപ്പിന്‍റെ അംശം പൊതുവേ വളരെ ഉയര്‍ന്നതാണ്. ഫ്രൈഡ് ചിക്കന്‍, ഉരുളക്കിഴങ്ങ് ചിപ്സ്, ഡീപ് ഫ്രൈ ചെയ്ത സ്നാക്സുകള്‍ എന്നിങ്ങനെയുള്ള വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളില്‍ ഉയര്‍ന്ന തോതില്‍ അനാരോഗ്യകരമായ ട്രാന്‍സ് ഫാറ്റുകളും സാച്ചുറേറ്റഡ് ഫാറ്റും അടങ്ങിയിരിക്കുന്നു. ഇവ കൊളസ്ട്രോള്‍ തോത് ഉയര്‍ത്തുകയും രക്തധമനികളില്‍ ക്ലോട്ടുകള്‍ ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യും.
ഹോള്‍ ഗ്രെയ്നുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിങ്ങനെ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളുടെ അഭാവം അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകും.ബീഫ് പോലുള്ള ചുവന്ന മാംസങ്ങളുടെ അമിത ഉപയോഗം ഹൃദ്രോഗ സാധ്യത പല മടങ്ങ് വര്‍ധിപ്പിക്കും. ഇവയില്‍ സാച്ചുറേറ്റഡ് കൊഴുപ്പും കൊളസ്ട്രോളും ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്നു. ഈ അനാരോഗ്യ ഭക്ഷണശീലങ്ങള്‍ക്ക് പുറമേ അലസമായ ജീവിതശൈലിയും ഒരാളെ ഹൃദ്രോഗിയാക്കാം. വ്യായാമം ഇല്ലാത്ത അനാരോഗ്യ ജീവിതശൈലി ഭാരവര്‍ധന, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഇൻസുലിന്‍ പ്രതിരോധം എന്നിവയ്ക്ക് കാരണമാകാം.ഇവയെല്ലാം ഹൃദയാരോഗ്യത്തെ നശിപ്പിക്കുന്ന ഘടകങ്ങളാണ്.