/sathyam/media/media_files/rfp5PjUGDoXFPkEOQsdU.jpg)
മുംബൈ:ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനം എന്നിവയുമായി ബന്ധപ്പെട്ട യുപിഐ പണമിടപാട് പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്. നിലവിലെ ഒരു ലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. യുപിഐ പരിധി ഉയര്‍ത്തിയത് ആരോഗ്യമേഖലയിലും വിദ്യാഭ്യാസ രംഗത്തും ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. വലിയ തുകകള്‍ എളുപ്പം കൈമാറാന്‍ ഇതുവഴി സാധിക്കും.
റിസര്‍വ് ബാങ്കിന്റെ പണവായ്പ നയ പ്രഖ്യാപനത്തിന് ശേഷം ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് പുതിയ ഇളവ് പ്രഖ്യാപിച്ചത്. വിവിധ കാറ്റഗറിയിലുള്ള യുപിഐ പരിധി സംബന്ധിച്ച് അവലോകനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരിധി ഉയര്‍ത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.
ഇതിന് പുറമേ ആവര്‍ത്തിച്ചുള്ള പണമിടപാടുമായി ബന്ധപ്പെട്ട ഇ- മാന്‍ഡേറ്റ് പരിധിയും ഉയര്‍ത്തിയിട്ടുണ്ട്. ഒരു ലക്ഷം രൂപയായാണ് ഉയര്‍ത്തിയത്. ഇ- മാന്‍ഡേറ്റ് ചട്ടക്കൂട് അനുസരിച്ച് 15000 രൂപയ്ക്ക്് മുകളിലുള്ള ആവര്‍ത്തിച്ചുള്ള ഇടപാടിന് ഓതന്റിക്കേഷന്‍ ആവശ്യമാണ്. സുരക്ഷയുടെ ഭാഗമായാണ് ഇത് നടപ്പാക്കിയത്. ഇതിന്റെ പരിധി ഒരു ലക്ഷം രൂപ വരെയാക്കി ഉയര്‍ത്താനാണ് തീരുമാനിച്ചത്. മ്യൂച്ചല്‍ ഫണ്ട് സബ്‌സ്‌ക്രിപ്ഷന്‍, ഇന്‍ഷുറന്‍സ് പ്രീമിയം, ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് തുടങ്ങി ആവര്‍ത്തിച്ച് നടത്തുന്ന ഇടപാടുകള്‍ക്ക് ഇത് പ്രയോജനം ചെയ്യും.
ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഓതന്റിക്കേഷന്‍ (എഎഫ്എ) ഇല്ലാതെ സുഗമമമായി നടത്താന്‍ കഴിയുന്നവിധമാണ് ക്രമീകരണം ഒരുക്കുക. ഫിനാന്‍ഷ്യല്‍ ടെക്‌നോളജിയുമായി ബന്ധപ്പെട്ട് വരുന്ന മാറ്റങ്ങള്‍ എളുപ്പം മനസിലാക്കുന്നതിന് ഫിന്‍ടെക് റെപ്പോസിറ്ററി സ്ഥാപിക്കാനും ആര്‍ബിഐ തീരുമാനിച്ചു. ഫിനാന്‍ഷ്യല്‍ ടെക്‌നോളജിയുമായി ബന്ധപ്പെട്ട ഡേറ്റകള്‍ സംരക്ഷിക്കുന്നതിനുള്ള കേന്ദ്രം എന്ന നിലയിലാണ് ഇത് പ്രവര്‍ത്തിക്കുക.