/sathyam/media/media_files/q3VaJzvQomnB0GR6hGOA.jpeg)
ജലഗതാഗതവകുപ്പിന്റെ വിനോദസഞ്ചാരമേഖലയിലെ ചുവടുവെപ്പായ വേഗ ബോട്ടിന് വന്‍കുതിപ്പ്. നാലുവര്‍ഷംകൊണ്ടുതന്നെ വരുമാനം ഏഴുകോടി കഴിഞ്ഞു. ഒന്നരവര്‍ഷംകൊണ്ട് മുടക്കുമുതലായ 1.90 കോടി രൂപ തിരിച്ചുപിടിച്ചു. 2020 മാര്‍ച്ച് പത്തിനായിരുന്നു ആദ്യ ഓട്ടം. ചെറിയ മുതല്‍മുടക്കില്‍ വേമ്പനാട്ടുകായലില്‍ ഒരു ഉല്ലാസയാത്ര. അതിനാണ് ജലഗതാഗതവകുപ്പ് വേഗ-2 നീറ്റിലിറക്കിയത്. എ.സി.യില്‍ 600 രൂപയും എ.സി. വേണ്ടെങ്കില്‍ 400 രൂപയും നല്കിയാല്‍ അഞ്ചുമണിക്കൂര്‍ യാത്ര. ഓരോ സ്ഥലത്തെക്കുറിച്ചുള്ള വിവരണം ജീവനക്കാര്‍ നല്കും.
നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന വേമ്പനാട്ടുകായല്‍, മുഹമ്മ, പാതിരാമണല്‍, കുമരകം, ആര്‍.ബ്ലോക്ക്, മാര്‍ത്താണ്ഡം, ചിത്തിര, സി.ബ്ലോക്ക്, കുപ്പപ്പുറം എന്നിവിടങ്ങള്‍ ചുറ്റിയാണ് തിരികെയെത്തുന്നത്. ഇതിനിടയില്‍ അരമണിക്കൂറോളം പാതിരാമണലില്‍ വിശ്രമിക്കാനിറക്കും. കുട്ടനാടന്‍ വയലേലകളും തെങ്ങിന്‍തോപ്പും കാര്‍ഷികമനോഹാരിതയും കണ്ടുമടങ്ങാം. ഉച്ചയ്ക്ക് കുടുംബശ്രീവക ഊണും കഴിക്കാം. കരിമീനുള്‍പ്പെടെയുള്ള സ്‌പെഷ്യലുകളുണ്ടാകും.
50 കിലോമീറ്ററോളം ബോട്ട് സഞ്ചരിക്കുന്നു. ബോട്ടില്‍ 40 എ.സി.സീറ്റും 80.എ.സി.യല്ലാത്ത സീറ്റുമാണുള്ളത്. മുന്‍കൂട്ടി 9400050325, 9400050326 നമ്പരുകളില്‍ ബുക്കുചെയ്താണ് സീറ്റുറപ്പിക്കേണ്ടത്. രാവിലെ 11-ന് സഞ്ചാരം ആലപ്പുഴ ബോട്ടുജെട്ടിയില്‍നിന്നാരംഭിക്കും. അഞ്ചുമണിയോടെ മടങ്ങിയെത്തും. ആദ്യകാലങ്ങളില്‍ ജലഗതാഗതവകുപ്പ് ഡയറക്ടര്‍ ഷാജി വി. നായരുടെ നേതൃത്വത്തില്‍ വിവിധ ഗ്രൂപ്പുകളെയെല്ലാം അറിയിച്ച് ആളുകളെ വിളിച്ചുകയറ്റുകയായിരുന്നു.
ഇപ്പോള്‍ ഒരുദിവസംപോലും സീറ്റൊഴിവില്ലാത്ത അവസ്ഥയാണ്. സെക്രട്ടേറിയറ്റില്‍നിന്നും മന്ത്രിമാരുടെ ഓഫീസില്‍ നിന്നും ശുപാര്‍ശകള്‍ വരുന്ന സ്ഥിതിയായി. പെന്‍ഷന്‍കാര്‍, കുടുംബശ്രീ, കോളേജ്, സ്‌കൂള്‍ കൂട്ടായ്മകള്‍ എന്നിവരുടെയെല്ലാം ഒരുമിച്ചുള്ള ബുക്കിങ്ങാണ് വേഗയില്‍ തിരക്കുകൂട്ടിയിരിക്കുന്നത്. ഒരുദിവസം 56,000 രൂപയാണ് ബോട്ടിന്റെ കളക്ഷന്‍. ഇതില്‍ ജീവനക്കാരുടെ ശമ്പളത്തിനായി അയ്യായിരവും 20 ലിറ്ററോളം ഡീസലിന്റെ കാശുംകഴിഞ്ഞാല്‍ ബാക്കി ലാഭം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us