നേമം∙ കാക്കാമൂലയിൽ നിർമിക്കുന്ന മേൽപാലത്തിന്റെ പൈലിങ് ജോലികൾ പുരോഗമിക്കുന്നു. ‘വി’ ആകൃതിയിലാണ് പാലത്തിന്റെ തൂണുകളുടെ നിർമാണം.പാലം നിർമാണം ആരംഭിച്ച് ഒരു മാസത്തിനിടെ ഏതാണ്ട് 10 ശതമാനത്തോളം പണികൾ പൂർത്തിയാക്കാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു. 48 പൈലിങ്ങുകളാണ് പൂർത്തിയാകാനുള്ളത്. ഇതിൽ 20 എണ്ണത്തിന്റെ നിർമാണം കഴിഞ്ഞു. റോഡിന് ഇരുവശവും നാലുവീതം, ആറിടത്താണ് പൈലിങ് ചെയ്യേണ്ടത്. അതു പൂർത്തിയാകുന്നതോടെ റോഡിന് ഇരുവശവും നിർമിക്കുന്ന പൈലിങ്ങുകൾ യോജിപ്പിക്കുന്ന പണികൾ ആരംഭിക്കും. കൂടാതെ പമ്പ് ഹൗസിലേക്കുള്ള സർവീസ് റോഡിനും പാലത്തിന് ഇരുവശവും പൈപ്പുകൾ കൊണ്ടുപോകുന്നതിനുമായി 16 പൈലിങ്ങുകൾ കൂടി നിർമിക്കും.
സർക്കാരിന്റെ അനുമതി വൈകുന്നതാണ് കാരണം. താൽക്കാലിക പാലം നിർമാണത്തിനുള്ള ഷീറ്റും മറ്റും സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഇതിനെല്ലാം വകുപ്പ് മന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇതുവഴി ഉണ്ടായിരുന്ന വൈദ്യുതി ലൈനുകൾ കെഎസ്ഇബി മാറ്റിനൽകിയിട്ടുണ്ട്. പൈലിങ്ങിനൊപ്പം പാലത്തിന്റെ തൂണുകൾക്കും മറ്റുമുള്ള കമ്പികൾ കെട്ടുന്നതിനുള്ള പണികൾ ആരംഭിച്ചിട്ടുണ്ട്.
ഇതുവഴിയുള്ള പൈപ് ലൈനുകൾ വാട്ടർ അതോറിറ്റി അധികൃതർ മാറ്റിനൽകാത്തത് തടസമായിട്ടുണ്ട്. പലതവണ ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പും കരാറുകാരും വാട്ടർ അതോറിറ്റിയെ സമീപിച്ചു. ഇതിനു വേണ്ട തുകയും വാട്ടർ അതോറിറ്റിക്ക് നൽകി. പണികൾ പൂർണഗതിയിൽ ആരംഭിക്കുന്നതോടെ ഇതുവഴി ഇപ്പോഴുള്ള കാൽനടയാത്ര അസാധ്യമാകും. നാട്ടുകാരുടെ പരാതിയെ തുടർന്ന് നിലവിലെ പാലത്തിന് സമാന്തരമായി കാൽനട യാത്രക്കാർക്ക് നടന്നുപോകുന്നതിന് താൽക്കാലിക പാലം നിർമിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല.