രജനികാന്തിന്‍റെ അവസാന ചിത്രം ജയിലര്‍ അതിലെ താരനിര കൊണ്ട് ശ്രദ്ധേയമായിരുന്നു. വിനായകന്‍ പ്രതിനായകനായെത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍, ജാക്കി ഷ്രോഫ് എന്നിങ്ങനെ അതിഥിതാരങ്ങളുടെ നിരയും ഉണ്ടായിരുന്നു. രജനിയുടെ വരാനിരിക്കുന്ന അടുത്ത ചിത്രത്തിലെ കാസ്റ്റിംഗും കൗതുകകരമാണ്. അമിതാഭ് ബച്ചന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, സാബുമോന്‍ അബ്ദുസമദ് എന്നിങ്ങനെ പോകുന്നു അത്. ടി ജെ ജ്ഞാനവേല്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. ഇതിനകം പ്രീ റിലീസ് ഹൈപ്പ് നേടിയിട്ടുള്ള ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. രണ്ടര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്‍ലറില്‍ ചിത്രത്തിന്‍റെ കഥാസൂചനകളുമുണ്ട്.
ജയ് ഭീം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ടി ജെ ജ്ഞാനവേല്‍. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. രജനികാന്തിനൊപ്പം അമിതാഭ് ബച്ചന്‍ എത്തുന്നു എന്നതാണ് വേട്ടൈയന്‍റെ ഏറ്റവും പ്രധാന യുഎസ്‍പി. 33 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്നത്. ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. അമിതാഭ് ബച്ചന്‍ എത്തുന്നത് ചീഫ് പൊലീസ് ഓഫീസര്‍ ആയാണ്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന വേട്ടൈയനില്‍ റിതിക സിംഗും ദുഷറ വിജയനും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. ട്രെയ്‍ലറില്‍ രജനിയെപ്പോലെ ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങുന്ന ഫഹദിനെയും കാണാം. അനിരുദ്ധ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ഒക്ടോബര്‍ 10 ന് ചിത്രം തിയറ്ററുകളില്‍ എത്തും.