/sathyam/media/media_files/SgV9gtrdgi3t0pUw0QbA.jpeg)
പാലക്കാട്: തിരുവമ്പാടിയിലെ വൈദ്യുതി കാര്യാലയം അടിച്ചു തകർത്ത് വൈദ്യുതി ജീവനക്കാരെ അക്രമച്ചതിൽ പ്രതിഷേധിച്ച് നാഷണൽ കോർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് ആൻ്റ് എഞ്ചിനിയേഴ്സിൻ്റെ നേതൃത്വത്തിൽ വൈദ്യുതി ജീവനക്കാർ സംയുക്ത പ്രതിഷേധം നടത്തി.
കറൻ്റ് ചാർജ് ഒടുക്കാത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ചതിനെതിരെ അതിക്രമം നടത്തിയ അക്രമികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇത്തരം അനിഷ്ട സംഭവങ്ങൾ നടക്കാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന തലത്തിൽ വൈദ്യുതി കാര്യാലയങ്ങൾ കേന്ദ്രീകരിച്ച് എൻസിസിഒഇഇ സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭ പരിപാടിയുടെ ഭാഗമാണ് പാലക്കാട് വൈദ്യുതി ഭവനു മുന്നിൽ തൊഴിലാളികൾ സംയുക്തമായി പ്രതിഷേധിച്ചത്.
പ്രതിഷേധയോഗം കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി അംഗം വി. മുരുകൻ ഉദ്ഘാടനം ചെയ്തു. കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി. നിത്യ അദ്ധ്യക്ഷത വഹിച്ചു. കേരള ഇലക്ടി സിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ (ഐ എൻ ടി യു സി ) സംസ്ഥാന സെക്രട്ടറി ഷമീം നാട്യമംഗലം, കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന കമ്മിറ്റി അംഗം എം. സി . ആനന്ദൻ, പവർ ബോർഡ് എഞ്ചിനീയേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അനൂപ്, ഉണ്ണികൃഷ്ണൻ, കെ എസ് ഇ ബി ഡബ്യൂ പാലക്കാട് ഡിവിഷൻ സെക്രട്ടറി രമേഷ്, പ്രസിഡൻ്റ് മണികണ്ഠൻ. പി, കെ എസ് ഇ ബി ഒ എ ജില്ലാ കമ്മിറ്റി അംഗം. അനിഷ് ജലിൽ, കെഇ ഡബ്ലൂ എഫ് സംസ്ഥാന കമ്മിറ്റി അംഗം മണി കുളങ്ങര എന്നിവർ സംസാരിച്ചു.വിവിധ സംഘടനകളുടെ ഡിവിഷൻ ഭാരവാഹികളായ, നന്ദകുമാർ പി. ആർ. മണികണ്ഠൻ എസ്, എന്നിവർ നേതൃത്വം വഹിച്ചു.