/sathyam/media/media_files/z2ubJd0JadUCxcKAtLaB.jpeg)
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഒന്നാം ഘട്ട നിർമ്മാണമായ 2.959 കീ.മി നീളമുള്ള പുലിമുട്ട് (ബ്രേക്ക് വാട്ടർ) പൂർത്തിയായതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു. ഇപ്പോൾ പുലിമുട്ടിന്‍റെ സംരക്ഷണ ഘടകങ്ങളായ ആർമറും (Armour) Accropode-ഉം സ്ഥാപിക്കുന്നത് ധൃതഗതിയിൽ പുരാഗമിച്ചുകൊണ്ടിരിക്കുകയാണ്.
കടലിൽ തുറമുഖത്തിനു ചുറ്റും നിർമ്മിക്കുന്ന ശക്തമായതും വലിയുപ്പമേറിയതുമായ കരിങ്കൽ ഭിത്തിയാണ് പുലിമുട്ട് (ബ്രേക്ക് വാട്ടർ). തിരമാലകളിൽ നിന്നും തുറമുഖ തീരത്തിന് സംരക്ഷണം ഒരുക്കുകയും കപ്പലുകൾക്ക് സുരക്ഷിതമായി നങ്കൂരം ഇടുന്നതിനായുള്ള ശാന്തമായ കടൽ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയാണ് പുലിമുട്ടിൻ്റെ നിർമ്മാണോദ്ദേശമെന്നും മന്ത്രി പറഞ്ഞു.
ഒരു തുറമുഖത്തിന് ഏറ്റവും കരുത്ത് നൽകുന്നത് തുറമുഖത്തിന്‍റെ ബ്രേക്ക് വാട്ടർ ആണെന്ന് പറയാം. ഈ സംരക്ഷണ ഭിത്തിക്കുള്ളിൽ കടൽ ശാന്തമായ അന്തരീക്ഷമാണ് ഉണ്ടാവുക. ഇത് കപ്പലിലെ ചരക്ക് ഗതാഗതത്തിന് അത്യന്താപേക്ഷികമാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് 20 മീറ്റർ ആഴത്തിലും 7.5 മീറ്റർ കടൽനിരപ്പിന് മുകളിലും ആയാണ് ബ്രേക്ക് വാട്ടറിന്റെ നിർമ്മാണം. 20 മീറ്ററിൽ കൂടുതൽ ആഴമുള്ള കടലിൽ ഇത്തരമൊരു ഭീമാകാരമായ നിർമ്മാണം എന്നത് വളരെ ദുഷ്‌കരവും ലോകത്ത് തന്നെ അപൂർവ്വവും ആണ്.
പുലിമുട്ടിൻറെ ഏറ്റവും മുകളിൽ 10 മീറ്റർ വീതിയും കടലിൻ്റെ അടിത്തട്ടിൽ ഏകദേശം 100 മീറ്റർ മുതൽ 120 മീറ്റർ വരെ വീതിയും ആണ് ഉണ്ടാകുക. നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അവലോകന യോഗങ്ങൾ ചേരുകയും ഉയർന്നു വരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യാറുണ്ട്. കൃത്യമായ ആസൂത്രണവും ഏകോപനവും ആണ് ദൗത്യം വിജയകരമാകുന്നതിന് കാരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us