/sathyam/media/media_files/zeigePeCf6UglkXS7jRi.jpeg)
കോങ്ങാട് :ജില്ലയിലും സംസ്ഥാനത്തും ദേശീയ തലത്തിലും നടന്ന യോഗ മത്സരങ്ങളുടെ ഓരോ ഘട്ടത്തിലും സവിശേഷ നേട്ടങ്ങൾ കരസ്ഥമാക്കി മണിക്കശ്ശേരി പനയിങ്ങൽ വീട്ടിൽ രമ്യ. കല്ലടിക്കോട് വേദവ്യാസ വിദ്യാപീഠത്തിൽ നിന്നായിരുന്നു യോഗ പഠനത്തിന്റെയും പരിശീലനത്തിന്റെയും തുടക്കം.
സ്കൂളിൽ കുട്ടികൾക്ക് നിർബന്ധമായും യോഗ അഭ്യസിപ്പിക്കുന്നുണ്ട്. കൂട്ടത്തിൽ അധ്യാപകർക്കും ക്ലാസ് നൽകാറുണ്ട്.അങ്ങനെയാണ് രമ്യ ആദ്യമായി യോഗ പഠിക്കുന്നത്.പിന്നീട് യോഗ ടീച്ചർ സുധാഗോവിന്ദിൽ നിന്നും വിജയൻ മാഷിൽ നിന്നും കൂടുതൽ ശിക്ഷണം നേടി.സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയുടെ ആഭിമുഖ്യത്തിൽ ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ് പൂർത്തിയാക്കി.
യോഗയുടെ തത്വശാസ്ത്രപരവും സൈദ്ധാന്തികവുമായ പഠനത്തിനായി അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി.യോഗ സയൻസിൽ യോഗ്യത നേടി.ഇപ്പോൾ കോങ്ങാട് ഗ്രാമപഞ്ചായത്ത് സർക്കാർ ഹോമിയോ ഡിസ്പെൻസറിയിൽ നാഷണൽ ആയുഷ് മിഷന്റെ കീഴിൽ യോഗ പരിശീലകയായി ജോലി ചെയ്യുന്നു.ഓൺലൈൻ യോഗ പരിശീലന ക്ലാസുകളും നടത്തുന്നുണ്ട്.
'നമസ്തേ ആയുർ യോഗ'എന്ന സോഷ്യൽ മീഡിയ കൂട്ടായ്മയിൽ സൗജന്യമായി തന്നെ 1500 ലേറെ ക്ലാസ് നൽകി.യോഗയിൽ പഠന പരിശീലനം പൂർത്തിയാക്കിയതിനൊപ്പം പുതിയ അറിവും ടെക്നിക്കുകളും പഠിച്ചെടുത്തതിലൂടെയാണ് രമ്യക്ക് ഈ രംഗത്ത് ശോഭിക്കാനായത്. ഐടി പരിശീലകയാണെങ്കിലും നല്ലൊരു കരിയർ ഓപ്ഷനായിട്ട് കൂടി യോഗയെ പരിഗണിക്കാൻ രമ്യക്ക് കഴിഞ്ഞു. ക്ലാസ്സുകൾക്കൊപ്പം
രമ്യ നൽകുന്ന യോഗ തെറാപ്പി പലരിലും മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
രോഗങ്ങൾ വരാതിരിക്കാനുള്ള ഒരു മുൻകരുതലായി യോഗ പരിശീലനത്തെ കാണാം എന്നാണ് രമ്യയുടെ അഭിപ്രായം.പ്രായഭേദമന്യേ എല്ലാവർക്കും അഭ്യസിക്കാവുന്ന ഒന്നാണ് യോഗ.നാം അഭിമുഖീകരിക്കുന്ന മിക്ക പ്രശ്നങ്ങൾക്കുമുള്ള ഏറ്റവും നല്ല പരിഹാരങ്ങളിലൊന്നാണ് യോഗ.നമ്മുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിൻ്റെ വളരെ പ്രധാനപ്പെട്ട ഭാഗമായി വ്യായാമത്തെ പരിഗണിക്കുമ്പോൾ യോഗയിലെ ലളിതമായ വ്യായാമങ്ങൾ ശാരീരിക മാനസിക സൗഖ്യത്തിനും, ആരോഗ്യ സംരക്ഷണത്തിനും സഹായിക്കും.
യോഗ അഭ്യാസത്തിൽ ഇനിയും പഠനഗവേഷണം നടത്താനും ആവശ്യക്കാർക്ക് പരിശീലനം നൽകാനുമാണ് രമ്യ തീരുമാനിച്ചിട്ടുള്ളത്. മണ്ണാർക്കാട്- പയ്യനടം ഗോപാലകൃഷ്ണൻ- കോമളം ദമ്പതികളുടെ പുത്രിയാണ്. ഭർത്താവ്:കണ്ണൻ മണിക്കശ്ശേരി.മക്കൾ:ആദിത്യൻ, അദ്വൈത്.യോഗ മത്സരങ്ങളുടെ ഓരോ ഘട്ടത്തിലും സവിശേഷ നേട്ടങ്ങൾ കരസ്ഥമാക്കി കോങ്ങാട് മണിക്കശ്ശേരി പനയിങ്ങൽ വീട്ടിൽ രമ്യ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us