ട്രിപ്പോളി: ലിബിയയില്‍ ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് ഡാമുകള്‍ പൊട്ടിയുണ്ടായ മരണം 20,000 കടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡെര്‍ണ നഗരത്തില്‍ മരിച്ചവരുടെ എണ്ണം 5,300 കവിഞ്ഞു എന്നാണ് വെളിപ്പെടുത്തല്‍. എന്നാല്‍ വെള്ളപ്പൊക്കത്തില്‍ നശിച്ച ജില്ലകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മരണം 18,000 മുതല്‍ 20,000 വരെയാകാന്‍ സാധ്യയുണ്ടെന്ന് ഡെര്‍ണയിലെ മേയര്‍ അറിയിച്ചു.
3,190 പേരുടെ മൃതദേഹമാണ് ഇതുവരെ സംസ്‌കരിച്ചിട്ടുള്ളത്. ഇതില്‍ 400 പേര്‍ വിദേശികളാണ്. കൂടുതല്‍ ആളുകള്‍ ഈജിപ്തില്‍ നിന്നും സുഡാനില്‍ നിന്നുമുള്ളവരാണ്. മൃതദേഹങ്ങള്‍ കൂട്ടമായാണ് സംസ്‌കരിക്കുന്നത്. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത് ഡെര്‍ണയെ ആണ്. നഗരത്തിന് മുകളിലുള്ള പര്‍വതനിരകളിലെ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നത് ദുരന്തത്തിന്റെ ആക്കം കൂട്ടി. പതിനായിരക്കണക്കിന് ആളുകള്‍ ഭവനരഹിതരായി.കുറഞ്ഞത് 34,000 പേരെയെങ്കിലും ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
തുര്‍ക്കി, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സഹായത്തിനായി മേഖലയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ റോഡുകള്‍ ഒലിച്ചുപോയത് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നു.
നഗരത്തില്‍ വെള്ളമോ വൈദ്യുതിയോ പെട്രോളോ ലഭ്യമല്ല. ഇന്റര്‍നെറ്റ് സേവനം പൂര്‍ണമായും പുന:സ്ഥാപിക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. കിഴക്കന്‍ നഗരങ്ങളായ ബെന്‍ഗാസി, സൂസെ, അല്‍ മര്‍ജ് എന്നിവിടങ്ങളെയും വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചു.കഴിഞ്ഞ ആഴ്ച ഗ്രീസില്‍ വെള്ളപ്പൊക്കമുണ്ടാക്കിയ ഡാനിയേല്‍ കൊടുങ്കാറ്റാണ് ലിബിയയില്‍ ഇത്ര നാശംവിതച്ചത്.